Advertisement

അടച്ചുറപ്പുള്ളൊരു വീടിന് വേണ്ടി പല തവണ അപേക്ഷ നല്‍കി; വനിതാദിനത്തില്‍ നൊമ്പരമായി അനാഥയായ നാല്‍പത്തിരണ്ടുകാരി

March 8, 2022
Google News 1 minute Read

ഒരു പതിറ്റാണ്ടിലധികമായി അടച്ചുറപ്പുള്ളൊരു വീടിന് വേണ്ടി മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന അനാഥയായ നാല്‍പത്തിരണ്ടുകാരി അന്താരാഷ്ട്ര വനിതാ ദിനത്തിലെ നൊമ്പരക്കാഴ്ച്ചയാകുകയാണ്. തിരുവനന്തപുരം, അതിയന്നൂര്‍ രാമപുരം സ്വദേശി ഉഷയ്ക്കാണ് ഈ ദുര്യോഗം.ആകെയുള്ള രണ്ടേമുക്കാല്‍ സെന്റ് വസ്തുവിലുണ്ടായിരുന്ന വീട് തകര്‍ന്ന് മണ്ണടിഞ്ഞിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ. രാമപുരം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിന് സമീപമാണ് ഉഷയുടെ രണ്ടേമുക്കാല്‍ സെന്റ് വസ്തു. അന്നുണ്ടായിരുന്ന വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് തകര്‍ന്ന്, ഈ ഭൂമിയില്‍ അവശേഷിച്ചിരുന്ന തണലും ഉഷയ്ക്ക് നഷ്ടമായി.

അച്ഛനും അമ്മയും, ആകെയുണ്ടായിരുന്ന സഹോദരനും മരണപ്പെട്ടു. ഏറ്റവും ഒടുവിലായിരുന്നു അമ്മയുടെ മരണം. ഏഴ് വര്‍ഷം മുമ്പ്. അതോടെ അവിവാഹിതയായ ഉഷ അനാഥയായി. തല ചായ്ക്കാനൊരിടമില്ലെന്ന ബോധ്യത്തില്‍ ഉഷ, പാറശാലയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. കൂലിയില്ലാത്ത വീട്ടു വേലക്കാരിയായി. ഇപ്പോള്‍ അവിടെനിന്ന് ഇറങ്ങി കൊടുക്കാന്‍ അവര്‍ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.

അമ്മയുണ്ടായിരുന്ന കാലം മുതല്‍ തന്നെ അതിയന്നൂര്‍ പഞ്ചായത്തില്‍ അടച്ചുറപ്പുള്ളൊരു വീടിനായ് അപേക്ഷ നല്‍കി തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. അനക്കമില്ലാത്തതിനാല്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. അതവിടെ തീര്‍ന്നു. ഏറ്റവും ഒടുവില്‍ ലൈഫില്‍ അപേക്ഷിച്ചു. 2020ല്‍. അതിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല.

അന്വേഷിച്ചിറങ്ങുമ്പോള്‍ അവര്‍ മറുപടി പറയുമത്രെ.. ഉഷയ്ക്ക് അര്‍ഹത ഇല്ലെന്ന്.. ഈ പറമ്പില്‍ ടാര്‍പോളിന്‍ മറച്ച് കിടക്കാന്‍ ഉഷയ്ക്ക് ധൈര്യം പോര. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കുറച്ച് കാലം പുറംതളി ജോലി ചെയ്തിരുന്നു. ഒരിക്കല്‍ കൈ ഒടിഞ്ഞതോടെ അതും നഷ്ടമായി.

Story Highlights: Forty-two-year-old orphaned on Women’s Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here