സഹനസമരത്തിന്റെ മറുവാക്കായി ഇറോം ശര്‍മിള

മൂക്കില്‍ കുഴലിട്ട രക്തം വറ്റി വെളുത്ത മുഖം, ചുരുണ്ട വിടര്‍ത്തിയിട്ട മുടിയിഴകള്‍, കണ്ണും മൂക്കും ചുണ്ടും പോലെ അവരുടെ മുഖത്തോട് ചേര്‍ന്നിരിക്കുന്ന ഒരവയവമായി തോന്നിയിരുന്നു ആ കുഴല്‍… നീണ്ട പതിനാറു വര്‍ഷങ്ങള്‍, ധീരയെന്ന് കാലം വാഴ്ത്തി, ഇന്ത്യന്‍ ജനാധിപത്യത്തിലെ ചെറുത്തു നില്‍പ്പിന്റെ നേര്‍രൂപം. ഇറോം ശര്‍മിള എന്ന പേരുകേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുന്ന ഈ രൂപം അത്രപെട്ടെന്ന് മറക്കാനാവില്ല.
ചരിത്രത്തിലിടം നേടാനായിരുന്നില്ല, ശര്‍മിളയുടെ പോരാട്ടം. സൈന്യത്തിന്റെ കിരാതനടപടികളില്‍ മനംമടുത്തായിരുന്നു സമരം. മണിപ്പൂര്‍ ജനതക്കായി, അവിടുത്തെ സ്ത്രീകള്‍ക്ക് സൈ്വര്യമായും സമാധാനമായും ജീവിക്കുന്നതിന് വേണ്ടിയായിരുന്നു മരണത്തെ വെല്ലുവിളിച്ച് ഇറോം ശര്‍മിള സമരത്തിന്റെ പ്രതിരൂപമായി ചരിത്രം സൃഷ്ടിച്ചത്.
വര്‍ഷം 2000 നവംമ്പര്‍ രണ്ട് അന്നൊരു കറുത്ത ദിനമായിരുന്നു. മണിപ്പൂരിലെ ശാന്തമായ ഇംഫാല്‍ താഴ്വര അന്ന് വെടിയൊച്ചകളില്‍ വിറങ്ങലിച്ച ദിനം. താഴവരയിലെ മാലോം എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പില്‍ നിന്നവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. അനാഥമാക്കപ്പെട്ട നിരവധി കുടുംബങ്ങളിലെ കരച്ചിലുകള്‍ കേവലം ഒറ്റപ്പെട്ടതായിരുന്നില്ല. രാഷ്ട്രീയ, വംശീയ, സൈനീക, ഭരണകൂട നടപടികള്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ക്രൂരമായി അനാഥമാക്കി.
മാലോമില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ മനംനൊന്താണ് 2000 നവംബര്‍ അഞ്ചിന് ഇറോം ശര്‍മിള 28-ാം വയസില്‍ നിരാഹാര സമരം ആരംഭിച്ചത്. സുരക്ഷാ സൈനീകര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വിലച്ചതിനുശേഷം അമ്മയെ കാണുമ്പോള്‍ മാത്രമേ അരിഭക്ഷണം കഴിക്കുവെന്നും ഇറോം ശപഥം ചെയ്തു. മരണത്തോടും കരിനിയമത്തോടും ഒരു പോലെ പോരാടി ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ക്ക് മൂക്കിലൂടെ പൈപ്പിട്ട് ദ്രാവകരൂപത്തിലാണ് ഭക്ഷണം നല്‍കിയിരുന്നത്. മനസാക്ഷിയുടെ തടവുകാരി എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ശര്‍മ്മിളയെ വിളിച്ചത്.
എന്നാല്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങാതെ സ്വന്തമായി എടുത്ത ഒരു തീരുമാനത്തില്‍ നിന്നും മാറിചിന്തിക്കാന്‍ തീരുമാനിച്ചതോടെയാണ് സാഡിസത്തിന്റെ മുഖം എത്രത്തോളം ക്രൂരമാണെന്ന് ഇറോം തിരിച്ചറിഞ്ഞത്. അവര്‍ക്ക് ചുറ്റുമുണ്ടായിരുന്നവര്‍ക്കും അവരെ അംഗീകരിച്ചവര്‍ക്കും ആവശ്യം ഇറോം ശര്‍മിളയെന്ന ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ മാത്രമായിരുന്നു.
സമരം അവസാനിപ്പിച്ച് കുടുംബ ജീവിതവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച ഇറോമിന് നേരിടേണ്ടി വന്നത് കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. വരണ്ടചുണ്ടില്‍ വെള്ളം പോലും ഇറ്റിക്കാതെ, പതിനാറുവര്‍ഷം ലോകമെമ്പാടുമുള്ള മനുഷ്യാവകാശസമരങ്ങള്‍ക്ക് മുഴുവന്‍ മാതൃകയായി ഇറോം നടത്തിയ പോരാട്ടത്തെ അതോടെ മണിപ്പൂര്‍ കണ്ടില്ലെന്ന് നടിച്ചു. വിവാഹിതയാകാനും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുമുളള അവളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അവര്‍ എതിര്‍ത്തു. ഇറോമിനെ ഒറ്റപ്പെടുത്തി. അതൊരുതുടക്കം മാത്രം.
സമരം കൊണ്ടായില്ലെങ്കില്‍ ഇനി രാഷ്ട്രീയത്തിലൂടെയാകാം അഫ്‌സപക്കെതിരെയുള്ള പോരാട്ടമെന്ന് അവര്‍ തീരുമാനിച്ചു. അതിനുള്ള ആദ്യപടിയായി പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും അധികാരത്തിലെത്തി അഫ്‌സപ നിര്‍ത്തലാക്കുമെന്നും ഇറോം ശര്‍മിള പ്രഖ്യാപിച്ചു. പക്ഷെ തന്റേതെന്ന് കരുതിയ ജനത വെറും തൊണ്ണൂറുവോട്ടുകള്‍ നല്‍കികൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിന്ന് ഇറോമിനെ ആട്ടിയോടിച്ചു. 143 വോട്ടുകള്‍ നോട്ടയ്ക്ക് കിട്ടിയ സ്ഥാനത്താണ് നൂറുവോട്ടുകള്‍ പോലും തികയ്ക്കാനാകാതെ മണിപ്പൂരിന്റെ ഉരുക്കുവനിത പരാജയത്തെ അഭിമുഖീകരിച്ചത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിശക്തമായ തെരഞ്ഞെടുപ്പാണ് അന്ന് മണിപ്പൂര്‍ അഭിമുഖീകരിച്ചത്. അഴിമതിക്കാരനെന്ന് പേരുകേട്ട ഒക്രം ഇബോബി സിങ്ങിനെതിരെ ശര്‍മിള മത്സരിക്കുന്നതുമാത്രമായിരുന്നില്ല മണിപ്പൂരിനെ ചര്‍ച്ചകളിലെത്തിച്ചത്. 15 വര്‍ഷം നീണ്ട കോണ്‍ഗ്രസിന്റെ ഭരണം മോദി പ്രഭാവത്തില്‍ അവസാനിക്കുമോ എന്നായിരുന്ന ആകാംഷ. സമരം അവസാനിപ്പിച്ചതോടെ ശര്‍മിളക്ക് നഷ്ടപ്പെട്ട ജനസ്വീകാര്യത ഒരു സൈക്കിളില്‍ ചുറ്റിനടന്ന് വോട്ടര്‍മാരെ കണ്ട് സംസാരിക്കുന്നതിലൂടെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും കണക്കൂകൂട്ടലുകള്‍ മണിപ്പൂരി ജനത മാറ്റിയെഴുതി. പതിനാറുവര്‍ഷം തന്റെ ജനതയ്ക്കായി നിരാഹാരം കിടന്ന് വരണ്ടുണങ്ങിയ സ്വന്തം ശരീരംപോലെ ജനവിധിയുടെ മനസു വരണ്ടുണങ്ങിയതായി.
16 വര്‍ഷത്തെ സഹനം തെരഞ്ഞെടുപ്പിലേറ്റ പരാജയത്തോട് കാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇറോമിന്റെ പ്രതികരണം. ‘എനിക്ക് ഞാന്‍ വഞ്ചിക്കപ്പെട്ടതുപോലെ തോന്നുന്നു… പക്ഷെ ഇത് ജനങ്ങളുടെ തെറ്റല്ല, അവര്‍ നിഷ്‌കളങ്കരാണ്.. അവര്‍ എനിക്ക് വോട്ട് ചെയ്യുമായിരുന്നു പക്ഷെ വോട്ട് ചെയ്യാനുള്ള അവരുടെ അവകാശത്തെ ചിലര്‍ വിലയ്ക്ക് വാങ്ങി. തങ്ങളെ സ്വാധീനിച്ച പണക്കൊഴുപ്പിന്റെ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ വിധിയെഴുതി.. ഇറോം ചാനു ശര്‍മിളയെന്ന രാഷ്ട്രീയക്കാരിയെ അല്ല അവര്‍ക്കാവശ്യം, മണിപ്പൂരിനെ സെന്‍സേഷണല്‍ വാര്‍ത്തകളില്‍ നിത്യവും നിര്‍ത്തിയിരുന്ന, വെള്ളമിറക്കാത്ത സമരനായികയെ ആണെന്നും അന്ന് ഇറോം പറഞ്ഞു.
ഒരഭിമുഖത്തില്‍ ഒരിക്കല്‍ ഇറോം പറഞ്ഞിരുന്നു ‘ സ്വകാര്യമായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. അടുത്ത ജന്മത്തില്‍ മനുഷ്യനായി പിറക്കേണ്ട. കാരണം, അത്രമാത്രം ആര്‍ദ്രതയില്ലാത്തവരാണ് മനുഷ്യര്‍. പക്ഷെ ഇറോം ശര്‍മിളയെന്ന മണിപ്പൂരിന്റെ മെങ്കോബി യാത്ര തുടരുകയാണ്. ആര്‍ദ്രതയുള്ള നിര്‍വികാരരല്ലാത്ത മനുഷ്യര്‍നിറഞ്ഞ ലോകത്തെ സ്വപ്നകണ്ടുള്ള യാത്ര.
Story Highlights: irom sharmila life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here