യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റർ ഒറ്റയ്ക്ക് പലായാനം ചെയ്ത് 11 വയസുകാരൻ

കൊടുമ്പിരികൊള്ളുന്ന യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റർ ഒറ്റയ്ക്ക് പലായാനം ചെയ്ത് സ്ലോവാക്യലെത്തിയ ഒരു പതിനൊന്നുകാരൻ. യുക്രൈൻ യുദ്ധത്തിന്റെ മറ്റൊരു പ്രതീകമായി സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ് ആ പതിനൊന്നുകാരൻ. ( 11 year old migrate from Ukraine alone )
ഹസൻ എന്നാണ് ഈ പതിനൊന്നുകാരൻറെ പേര്. കൈ തണ്ടയിൽ അമ്മ എഴുതിവെച്ച ബന്ധുവിന്റെ ഫോൺ നമ്പറും, പാസ്‌പോർട്ടും, രണ്ട് ചെറിയ ബാഗുകളുമായി ഒറ്റയ്ക്ക് 1,200 കിലോമീറ്റർ താണ്ടിയാണ് ഹസൻ സ്ലോവാക്യയിലെത്തിയത്. തലയ്ക്കുമുകളിലിരമ്പുന്ന യുദ്ധവിമാനങ്ങൾ, വെടിയൊച്ചകൾ, യുദ്ധമെന്തെന്ന് അറിയാത്ത പ്രായത്തിൽ, യുദ്ധഭുമിയിൽനിന്നുള്ള ഏകാന്ത യാത്ര.
മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ അമ്മ യൂലിയ പിസെറ്റ്‌സ്‌കായയാണ് ഹസനെ യുക്രൈൻ വിടുന്ന അഭയാർത്ഥികളൊപ്പം സ്ലൊവാക്യയിലേക്ക് കയറ്റിവിട്ടത്. യൂലിയ പിസെറ്റ്‌സ്‌കായയുടെ അമ്മയ്ക്ക് ശാരീരിക വൈകല്യങ്ങളുണ്ട്. ഒപ്പം വാർധ്യകസഹജമായ അസുഖങ്ങളും. കിലോമീറ്ററുകൾ അകലെയുള്ള അഭയകേന്ദ്രങ്ങളിലേക്ക് അമ്മയെയും കൊണ്ടുള്ള യാത്ര ദുഷ്‌കരമാണ്. അതുകൊണ്ടാണ് അമ്മയെ പരിചരിച്ച് സ്വന്തം പട്ടണമായ സപോരിജിയയിൽ തന്നെ കഴിയാമെന്ന് യൂലിയ പിസെറ്റ്‌സ്‌കായ തീരുമാനിച്ചത്.

Read Also : യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി റഷ്യയിലെത്തിക്കാമെന്ന വാഗ്ദാനം തള്ളി യുക്രൈന്‍
യുദ്ധം തുടങ്ങി പതിനൊന്നാം ദിവസമാണ് സപോരിജിയയിലെ ആണവനിലയം പിടിച്ചെടുക്കാനുള്ള പോരാട്ടം ശക്തമാക്കിയത്. സ്‌ഫോടനങ്ങളും വെടിയൊച്ചകളും കനത്തോടെ മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന തീരുമാനത്തിൽ ഹസനെ അഭയാർത്ഥിസംഘകൾക്കൊപ്പം യാത്രയാക്കി. കൈ തണ്ടയിൽ സ്ലോവാക്യയിലുള്ള ബന്ധുവിൻറെ ഫോൺ നമ്പറും, പാസ്‌പോർട്ടും, രണ്ട് ചെറിയ ബാഗുകളും.
സ്ലോവാക്യൻ അതിർത്തിയിൽ ഉക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കാൻ നിന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുട്ടിയെ കണ്ടപ്പോൾ ആദ്യം വിശ്വാസം വന്നില്ല. അവൻറെ കൈയിലുള്ള ഫോൺ നമ്പറിന് നന്ദി, അധികാരികൾക്ക് അവൻറെ ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിച്ചു. അവനെ കൂട്ടിക്കൊണ്ടുപോകാൻ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ നിന്നും ബന്ധുക്കളെത്തി. ‘പുഞ്ചിരിയും നിർഭയത്വവും നിശ്ചയദാർഢ്യവും കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കി… ഹസൻ ഒരു യഥാർത്ഥ ഹീറോയാണ്’- സ്ലൊവാക്യൻ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: 11 year old migrate from Ukraine alone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here