ആശ്വാസം; യുദ്ധത്തിനിടയിലും ഇന്ത്യന്‍ ഓഹരി വിപണികളില്‍ മുന്നേറ്റം

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉടന്‍ പുറത്തുവരാനിരിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ അപ്രതീക്ഷിത കുതിപ്പുമായി ഇന്ത്യന്‍ ഓഹരി വിപണി. നിഫ്റ്റി 16,300 ന് മുകളിലും സെന്‍സെക്‌സ് 1,223.24 പോയിന്റ് അഥവാ 2.29% നേട്ടത്തിലുമാണ് ഇന്ന് വിപണി അടച്ചത്.
ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി. അതേസമയം, ശ്രീ സിമന്റ്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, എന്‍ടിപിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലായി. ഓട്ടോമൊബൈല്‍സ്, മീഡിയ, ടെക് ഓഹരികള്‍ പലതും ഇന്ന് വിപണി അടയ്ക്കുമ്പോള്‍ ഗ്രീനിലായിരുന്നു. ലോഹം ഒഴികെ മറ്റെല്ലാ മേഖലകളും വിപണിയില്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് ഇന്ന് വിപണിയില്‍ ദൃശ്യമായത്.
നാറ്റോ അംഗത്വത്തിനായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇപ്പോള്‍ സമ്മര്‍ദം ചെലുത്താത്തതും എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭരണവിരുദ്ധ വികാരം കാര്യമായി പ്രകടമാകാത്തതും വിപണിയില്‍ ഉണര്‍വുണ്ടാക്കിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നത് വിപണിക്ക് നിലവിലെ അവസ്ഥയില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Highlights: stock market today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here