Advertisement

ഭരണവിരുദ്ധവികാരത്തെ മറികടന്ന ചിട്ടയായ പ്രവര്‍ത്തനം; യുപിയില്‍ ബിജെപിക്ക് തുടര്‍ഭരണം നേടാനായത് ഇങ്ങനെ

March 10, 2022
Google News 1 minute Read

ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷമുറപ്പിച്ച് ബിജെപി ഭരണത്തുടര്‍ച്ചയ്ക്ക് തയാറെടുക്കുകയാണ്. ഇന്ന് തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ വെച്ച് രാജ്യം ഏറ്റവും ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ്. വലുപ്പം മാത്രമല്ല ഉത്തര്‍പ്രദേശിലെ സീറ്റ് നിലയെ ഇത്ര നിര്‍ണായകമാക്കാന്‍ കാരണം. ഉത്തര്‍പ്രദേശ് ഭരിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന നിരീക്ഷണം ഇന്ത്യന്‍ മനസില്‍ ആഴത്തില്‍ വേരൂന്നിയത് കൂടിയാണ് ഇതിന് കാരണം. വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍, ദളിത്, മുസ്ലീം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, സമ്പദ് രംഗത്തെ മുരടിപ്പ്, കര്‍ഷകരുടെ അസംതൃപി തുടങ്ങി ഭരണവിരുദ്ധ വികാരം രൂപം കൊള്ളാന്‍ ഒട്ടനവധി കാരണങ്ങള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ മുന്നേറ്റം. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേട്ടമായെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.

യോഗി ആദിത്യനാഥിന്റെ ഭരണത്തെ രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാനാവുന്ന ഒരു മോഡലായി ഉയര്‍ത്തിക്കാട്ടിയ പ്രചരണം തുണച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വികസനവും ക്ഷേമവും പ്രധാന പരിഗണനകളായി കാണുന്നതിനൊപ്പം തന്നെ നാടിന്റെ സാംസ്‌കാരിക രംഗത്തെ അഴിച്ചുപണിയും ജീവിതീതികളിലെ സമൂലമായ മാറ്റവും കൂടി ഭരിക്കുന്നവരുടെ ചുമതലയാണെന്ന് സൂചിപ്പിക്കുന്ന ഭരണമോഡലാണ് യോഗി മുന്നോട്ടുവെച്ചത്. ഹിന്ദു സന്ന്യാസി എന്ന നിലയ്ക്കുള്ള ഐഡന്റിറ്റി കൃത്യമായി ഉപയോഗിച്ചാണ് യോഗി രാഷ്ട്രീയത്തിനപ്പുറമുള്ള മതപരവും സാംസ്‌കാരികയും ആത്മീയവുമായ കാര്യങ്ങളിലേക്ക് കൂടി കടന്നുചെന്നത്. ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്ന തരത്തിലുള്ള യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നയങ്ങളും വിജയം കണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.

Read Also : എന്തുകൊണ്ട് മണിപ്പൂരിൽ താമര വിരിഞ്ഞു?

വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ നിയമനിര്‍മ്മാണം ശക്തമാക്കിയതും ക്ഷേത്ര നഗരങ്ങളില്‍ കൂടുതല്‍ വികസനം നടത്തുമെന്ന പ്രചരണവും ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നേട്ടമായിട്ടുണ്ട്.

പ്രധാന വോട്ട്ബാങ്കായ ഹിന്ദു ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ യോഗി മോഡലിന് കഴിഞ്ഞെങ്കില്‍ നിഷ്പക്ഷരായ സാധാരണ ജനങ്ങളുടെ ഇടയില്‍ വേരോട്ടമുണ്ടാക്കാന്‍ മോദിയുടെ അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പ്രചരണത്തിന് കഴിഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്പദ് രംഗത്തെ മുരടിപ്പിനെ ലൗ ജിഹാദ് നിരോധനത്തിനെതിരായ പ്രചരണം ഉള്‍പ്പെടെയുള്ളവ കൊണ്ട് മറച്ചുപിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായതും ബിഎസ്പി നാമാവശേഷമായതും ബിജെപിക്ക് നേട്ടമായി. കോണ്‍ഗ്രസില്‍ നിന്നും ബിഎസ്പിയില്‍ നിന്നും ചോര്‍ന്ന വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീണെന്ന് ഉറപ്പിക്കാന്‍ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.

Story Highlights: how bjp victory uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here