Advertisement

2007ലെ 206 സീറ്റില്‍ നിന്ന് 2022ല്‍ രണ്ടിലേക്ക്; മായാവതിക്ക് ചുവട് പിഴച്ചതെവിടെ?

March 10, 2022
Google News 1 minute Read

ഉത്തര്‍പ്രദേശിലെ മത്സരം ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ മായാവതിയുടെ ബിഎസ്പി എവിടെപ്പോയെന്ന ചോദ്യമാണ് ഉയര്‍ന്നത്. ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജനങ്ങള്‍ കണ്ടത്. 2007ല്‍ 206 സീറ്റുകള്‍ നേടിയ ബിഎസ്പി 2022ല്‍ വെറും രണ്ടേ രണ്ട് സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ച ഒരേസമയം ദയനീയവും കൗതുകകരവുമാണ്.

2017ല്‍ യോഗി തരംഗത്തിനിടെ ബിഎസ്പി 19 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ഞെട്ടലോടെയായിരുന്നു രാജ്യം ആ പരാജയത്തെ നോക്കിക്കണ്ടത്. ഇത്തവണ പാര്‍ട്ടി നാമാവശേഷമായതോടെ ബിഎസ്പി ഗുരുതരമായ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. മായാവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ബിഎസ്പിയുടെ ആനയ്ക്ക് കൂച്ചുവിലങ്ങിട്ടതോടെ അവര്‍ക്ക് ബിജെപിയെ എതിരിടാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു.

ഭരണത്തില്‍ നിന്ന് നിഷ്‌കാസിതയായതിനുശേഷമുളള വര്‍ഷങ്ങള്‍ മായാവതിയെ സംബന്ധിച്ച് ഒട്ടും സുഖകരമായിരുന്നില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മായാവതിയുടെ പിന്നാലെ നിരന്തരം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ രാഷ്ട്രീയമായി എതിരിടുകയെന്നത് ബിഎസ്പിയെ സംബന്ധിച്ച് ചിന്തിക്കാന്‍ തന്നെ കഴിയാതായി. ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് പകരക്കാരാകാന്‍ കഴിയാതെ വന്നതോടെ ബിഎസ്പിയുടേയും മായാവതിയുടേയും പ്രസക്തി തന്നെ നഷ്ടമാകുകയായിരുന്നു.

ബിഎസ്പി അവശേഷിപ്പിച്ച ദളിത് മുന്നേറ്റത്തിന്റേതായ സവിശേഷം ഇടം കൈയ്യാളാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയുകയും ചെയ്തു. ദളിത് വോട്ടുകളില്‍ കണ്ണുവെച്ച് ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങളും ഇക്കാലത്ത് വിജയം കണ്ടു. ബിഎസ്പിയുടെ പ്രതിസന്ധി സൃഷ്ടിച്ച വിടവിലേക്ക് സമാജ്‌വാദി പാര്‍ട്ടിക്ക് തന്ത്രപൂര്‍വം കടന്നുകയറാനായി. എങ്കിലും ഇത്തവണയും അവര്‍ക്ക് യോഗി പ്രഭാവത്തെ മറികടക്കാനായില്ല.

തെരഞ്ഞെടുപ്പിലെ ഈ കനത്ത തോല്‍വി ബിഎസ്പി മുന്‍പ് തന്നെ അംഗീകരിച്ചുകഴിഞ്ഞതായാണ് വിലയിരുത്തല്‍. ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സജീവമാകുന്ന ഘട്ടങ്ങളിലെല്ലാം മായാവതി നിശബ്ദയായിരുന്നു. വെറും 18 റാലികള്‍ മാത്രമാണ് ബിഎസ്പി ഈ തെരഞ്ഞെടുപ്പ കാലത്ത് നടത്തിയത്.

Story Highlights: mayawati big loss up 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here