Advertisement

‘ടെലിവിഷനിലെ ട്രെന്‍ഡുകള്‍ നോക്കേണ്ട, നമ്മള്‍ സര്‍ക്കാരുണ്ടാക്കും’; പ്രതീക്ഷ കൈവിടാതെ സമാജ്‌വാദി പാര്‍ട്ടി

March 10, 2022
Google News 1 minute Read

ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി ബഹുദൂരം മുന്നോട്ട് പോയെങ്കിലും ഉത്തര്‍പ്രദേശില്‍ ഇപ്പോഴും സമാജ്വാദി പാര്‍ട്ടി പ്രതീക്ഷ കൈവിട്ടിട്ടില്ല. ടെലിവിഷന്‍ ട്രെന്‍ഡുകള്‍ എന്തുതന്നെ പറഞ്ഞാലും ഒടുവില്‍ ജനാധിപത്യം വിജയിക്കുമെന്നും ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

ടെലിവിഷനില്‍ തത്സമയം വരുന്ന കണക്കുകള്‍ കണ്ട് ഹൃദയം തകരരുതെന്നാണ് പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അവരവര്‍ക്ക് ചുമതല നല്‍കിയിരിക്കുന്ന ബൂത്തുകളില്‍ ആത്മവിശ്വാസത്തോടെ ഉറച്ച് നില്‍ക്കണമെന്നും ട്വീറ്റിലൂടെ സമാജ് വാദി പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പര്‍ കടന്ന് ബിജെപി 272 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 122 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളില്‍ മാത്രമേ മുന്നേറ്റമുള്ളു.

ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

1972 ല്‍ ഗൊരഖ്പൂരില്‍ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് മാര്‍ച്ച് 17, 2017നാണ്. അതിന് മുന്‍പ് അഞ്ച് തവണ ഗൊരഖ്പൂര്‍ എംപിയായിരുന്നു യോഗി ആദിത്യനാഥ്.

എക്സിറ്റ് പോള്‍ ശരിവച്ചുകൊണ്ടാണ് യുപിയില്‍ ബിജെപിയുടെ മുന്നേറ്റം. 2017 ലെ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Story Highlights: samajwadi party still have hope in up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here