Advertisement

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 261 റൺസ്

March 10, 2022
Google News 2 minutes Read
new zealand india innings

വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത ഏമി സാറ്റർത്‌വെയ്റ്റ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 50 റൺസെടുത്ത് പുറത്തായി. 41 റൺസെടുത്ത കേറ്റി മാർട്ടിനും ന്യൂസീലൻഡിനായി തിളങ്ങി. ഇന്ത്യക്കായി പൂജ വസ്ട്രാക്കർ 4 വിക്കറ്റ് വീഴ്ത്തി. (new zealand india innings)

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസ് നേടിയ സൂസി ബേറ്റ്സിനെ പൂജ വസ്ട്രാക്കർ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സോഫി ഡിവൈനും അമേലിയ കെറും ചേർന്ന് ന്യൂസീലൻഡിനെ മുന്നോട്ടുനയിച്ചു. ആക്രമിച്ചുകളിച്ച സഖ്യം അനായാസമാണ് സ്കോർ ചെയ്തത്. 35 റൺസ് നേടിയ ഡിവൈനെ മടക്കിയ പൂജ വസ്ട്രാക്കർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. രണ്ടാം വിക്കറ്റിൽ 45 റൺസിൻ്റെ കൂട്ടുകെട്ടിനിടുവിലാണ് ഡിവൈൻ പുറത്തായത്.

Read Also : വനിതാ ലോകകപ്പ്: ഇന്ത്യ നാളെ ന്യൂസീലൻഡിനെതിരെ

മൂന്നാം വിക്കറ്റിൽ അമേലിയ കെർ- ഏമി സാറ്റർത്‌വെയ്റ്റ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. 69 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഫിഫ്റ്റിയ്ക്ക് തൊട്ടുപിന്നാലെ അമേലിയ കെറിനെ രാജേശ്വരി ഗെയ്ക്‌വാദ് വിക്കറ്റിനു മുന്നിൽ കുരുക്കി. മാഡി ഗ്രീനും സാറ്റർത്‌വെയ്റ്റും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും ന്യൂസീലൻഡിനു കരുത്തായി. 54 റൺസ് നീണ്ട പാർട്ണർഷിപ്പിനു ശേഷം മാഡി ഗ്രീൻ (27) ദീപ്തി ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഞ്ചാം വിക്കറ്റിൽ കേറ്റി മാർട്ടിനും സാറ്റർത്‌വെയ്റ്റും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. സാറ്റർത്‌വെയ്റ്റിനെ പുറത്താക്കിയ പൂജ വസ്ട്രാക്കർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറുകളിൽ ന്യൂസീലൻഡിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. ലിയ തഹുഹു (1), ജെസ് കെർ (0) എന്നിവരെ കൂടി മടക്കി അയച്ച പൂജ 4 വിക്കറ്റ് നേട്ടം കുറിച്ചു. ഹെയ്ലി ജെൻസണെ (1) രാജേശ്വരി ഗെയ്ക്‌വാദും (41) ഝുലൻ ഗോസ്വാമിയും മടക്കിഅയച്ചു. ഫ്രാൻസിസ് മക്കയ് (13) പുറത്താവാതെ നിന്നു. അവസാന 8 ഓവറിൽ വെറും 38 റൺസ് വഴങ്ങി ഇന്ത്യ 5 വിക്കറ്റുകളാണ് വീഴ്ത്തിയത്.

Story Highlights: womens world cup new zealand india first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here