Advertisement

20 വര്‍ഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം; മദ്യത്തിനും ലോട്ടറിക്കും വില ഉയരുമോ?

March 11, 2022
Google News 1 minute Read

രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പുകുത്തുന്നത്. കൊവിഡ് പ്രതിസന്ധി റവന്യു വരവിനെ ബാധിച്ചപ്പോള്‍, ശമ്പളപരിഷ്‌ക്കരണം ചെലവ് ഉയര്‍ത്തി. നികുതി ഉയര്‍ത്തിയാലും ചെലവ് ചുരുക്കിയാലും ഉടന്‍ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നതല്ല പൊതുധനകാര്യം.

അടുത്ത വര്‍ഷം മുതല്‍ കേന്ദ്രവിഹിതം കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിക്കും. ഈ സാഹചര്യത്തില്‍ വലിയ പ്രഖ്യാപനങ്ങളല്ല ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യം. ട്രഷറി പൂട്ടാതെ കാക്കാന്‍ ബജറ്റില്‍ എന്തൊക്കെ പോംവഴികള്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കണ്ടെത്തുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

എന്നാല്‍ വരുമാനം ഉയര്‍ത്തുകയെന്നതാകും ധനമന്ത്രി നേരിടുന്ന വലിയ വെല്ലുവിളി. പ്രളയത്തിലും കൊവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചെലവ് കുതിച്ചുയര്‍ന്നു. ഈ അന്തരം മറികടക്കുകയാണ് ലക്ഷ്യം. ഉല്‍പ്പാദന മേഖലയിലടക്കം ഉണര്‍വിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കിയാകും ബജറ്റ്.

സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍, മദ്യം, പെട്രോള്‍, ബാര്‍, ലോട്ടറി എന്നിവയില്‍ നിന്നുള്ള നികുതി വരുമാനം ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റവന്യു ചെലവ് 1.50 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളിലെ ചെലവും ഉയരും. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ ചെലവാകുന്ന തുകയുടെ ദേശീയ ശരാശരി 3600 കോടിയും കേരളം ചെലവാക്കുന്നത് 12000 കോടി രൂപയുമാണ്.

കഴിഞ്ഞ ബജറ്റില്‍ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപ. എന്നാല്‍ ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്റ് അടക്കം 86720കോടി രൂപ. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വര്‍ഷം വന്ന വരുമാനത്തില്‍ 77735കോടിയും ചെലവഴിച്ചത് ശമ്പളവും പെന്‍ഷനും പലിശയും നല്‍കാനാണ്. ശമ്പള പരിഷ്‌ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്ത് മാസം ശമ്പളം നല്‍കാന്‍ ചെലവഴിച്ചത് 23000 കോടിയെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 38000 കോടി രൂപ കടന്നു.

ഇപ്പോള്‍ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കൊവിഡാണെങ്കില്‍ അടുത്ത ബജറ്റ് വര്‍ഷം കേരളത്തെ ബാധിക്കുന്നത് കേന്ദ്ര വിഹിതത്തിലെ ഇടിവാണ്. റവന്യു വരവ് ഇടിയുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന കേന്ദ്രസഹായത്തില്‍ മാത്രം കുറയുക ആറായിരം കോടിയാണ്. ജൂണ്‍ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരവും ഇല്ലാതാകും. ഒറ്റയടിക്ക് ആകെ നഷ്ടം 15000കോടി രൂപയായിരിക്കും.

ഖജനാവ് ഒഴിയാതെ കാക്കണം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുകയും വേണം. വല്ലാത്ത പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ഇടംവലം നോക്കാതെ ദുര്‍ചെലവ് പിടിച്ചുനിര്‍ത്തുക മാത്രമാണ് തത്കാലം പിടിവള്ളി. അതിനുള്ള ആര്‍ജവം രണ്ടാം പിണറായി സര്‍ക്കാര്‍ പുറത്തെടുക്കുമോയെന്നാണ് കാത്തിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് അവതരിപ്പിക്കുന്നത്.

Story Highlights: State in 20-year severe financial crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here