കെഎസ്ആർടിസി; സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ നിയമനം; ആദ്യദിനം കരാറൊപ്പിട്ടത് 103 പേർ

കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ആദ്യദിവസം കരാറൊപ്പിട്ടത് 103 പേർ. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായി. യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ 250 പേരെക്കൊണ്ട് കരാർ ഒപ്പിടീക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിൽ നിന്നുള്ള ആദ്യ 125 പേരെയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിരുന്നത്. അതിൽ 103 പേരാണ് കരാർ ഒപ്പിട്ടത്. അടുത്ത 125 പേരുടെ കരാറൊപ്പിടൽ ശനിയാഴ്ച നടക്കും. കരാർ ഒപ്പിട്ടവർക്കുള്ള പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.
സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന ബി.എസ് 6 ശ്രേണിയിലെ എയർ സസ്പെൻഷനോട് കൂടിയ 72 നോൺ എ.സി ഡീലക്സ് ബസുകളിൽ 15 എണ്ണം ആനയറയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്തെത്തി. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിംഗ് സീറ്റുകളോട് കൂടിയ ഈ ബസിൽ 41 യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാം.
Read Also : കേരള ബജറ്റ് 2022; ഊര്‍ജ മേഖലയ്ക്ക് 1152.93 കോടി
തൃച്ചിയിലുള്ള ഗ്ലോബൽ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിർമ്മാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമ്മിച്ചിരിക്കുന്നത്. 11.19 മീറ്റർ നീളം, 197 എച്ച്.പി, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, എയർ സസ്പെൻഷൻ എന്നിവയാണ് ബസുകളുടെ പ്രത്യേകത.
ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 50 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽനിന്നും 44.84 കോടി രൂപ ഉപയോഗിച്ചാണ് വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിലേക്കായി വാങ്ങുന്നത്.
Story Highlights: KSRTC; Swift driver cum conductor appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here