Advertisement

അടുത്ത സ്‌ക്വിഡ്‌ഗെയിമും മണിഹെയ്‌സ്റ്റും ഇന്ത്യയില്‍ നിന്നാകാം; ഇന്ത്യന്‍ സംവിധായകര്‍ക്ക് പ്രതീക്ഷ നല്‍കി നെറ്റ്ഫ്‌ലിക്‌സ്

March 12, 2022
Google News 2 minutes Read

ഉദ്വേഗവും സസ്‌പെന്‍സും സര്‍വൈവലും കൂട്ടിയിണക്കി നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ച സ്‌ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് മുതലായ സീരിസുകള്‍ ഇരുകൈയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്‌ലിക്‌സ് സീരിസുകര്‍ക്ക് ആരാധകര്‍ കുറവല്ല. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിവുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. നാളത്തെ സ്‌ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്‌ലിക്‌സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ പ്രസ്താവന ഇന്ത്യന്‍ സീരിസ് നിര്‍മാതാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതുകൂടിയാണ്.

വളരെ ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് നെറ്റ്ഫ്‌ലിക്‌സ് പ്രസ്താവിച്ചിരിക്കുന്നത്. കഥ പറച്ചിലിന്റെ സമ്പുഷ്ടമായ ഒരു പാരമ്പര്യം തന്നെ ഇന്ത്യയ്ക്കുണ്ട്. ഈ കഴിവുകള്‍ ഉടന്‍ അംഗീകരിക്കപ്പെടുമെന്നും അടുത്ത മണി ഹെയിസ്റ്റും സ്‌ക്വിഡ് ഗെയിമുമെല്ലാം ഇന്ത്യയില്‍ നിന്നുമാകാനിടയുണ്ടെന്നും ചീഫ് കണ്ടന്റ് ഓഫിസര്‍ പറഞ്ഞു. ഡല്‍ഹി ക്രൈം പോലുള്ള സീരീസുകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യന്‍ സംവിധായകരെ അഭിനന്ദിച്ചത്.

ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ഇത് പറഞ്ഞത്. ഡല്‍ഹി ക്രൈം പോലുള്ള സീരിസുകള്‍ക്ക് അന്താരാഷ്ട്ര എമ്മി അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ കഥപറച്ചിലുകാരുടെ കഴിവിനുള്ള അംഗീകാരം തന്നെയാണെന്നും നെറ്റ്ഫ്‌ലിക്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ഇന്റലിജന്റായ കഥകളെ നെറ്റ്ഫ്‌ലിക്‌സ് പ്രോത്സാഹിപ്പിക്കുമെന്നും ടെഡ് സറാണ്ടോസ് സൂചന നല്‍കി.

ഇന്ത്യയില്‍ നെറ്റ്ഫ്‌ലിക്‌സ് വളരെ പതുക്കെ മാത്രമാണ് ജനപ്രീതിയാര്‍ജിക്കുന്നതെന്ന നെറ്റ്ഫ്‌ലിക്‌സ് സിഇഒ റീഡ് ഹാസ്റ്റിംഗിന്റെ പ്രസ്താവനയ്ക്ക് ടെഡ് സറാണ്ടോസ് വിശദീകരണം നല്‍കി. അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളിലും നെറ്റ്ഫ്‌ലിക്‌സ് പോലൊരു പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത് വെല്ലുവിളി തന്നെയായിരുന്നു. ആളുകള്‍ ഈ പ്ലാറ്റ്‌ഫോമിനെ മനസിലാക്കി വരാനുള്ള സ്വാഭാവികമായ കാലതാമസം ഇന്ത്യയിലും ഉണ്ടായെന്നും ടെഡ് സറാണ്ടോസ് കൂട്ടിച്ചേര്‍ത്തു.

Story Highlights: Netflix chief says Squid Game, Money Heist could come from India next

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here