Advertisement

കെ.സി.വേണുഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡ്

March 13, 2022
Google News 2 minutes Read

അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയങ്ങളില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം കേരളത്തിലേക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡ്. കോഴിക്കോട് പാളയത്താണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘കെ.സി.വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക’ എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ബോര്‍ഡ്.

നേരത്തെ കണ്ണൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് ദ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകള്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ കോണ്‍ഗ്രസ് ഓഫിസിന് മുമ്പിലാണ് പ്രത്യക്ഷപ്പെട്ടത്. ‘അഞ്ച് സംസ്ഥാനം വിറ്റുത്തുലച്ച കെ.സി.വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ… കോണ്‍ഗ്രസിനെ രക്ഷിക്കൂ…’ തുടങ്ങിയ വാക്കുകളാണ് പോസ്റ്ററിലുള്ളത്.

അതേസമയം, പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പോസ്റ്റര്‍ പതിക്കുകയോ സമൂഹമാധ്യമങ്ങള്‍ വഴി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ഡിസിസി അറിയിച്ചു.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് കെ.സുധാകരന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണ്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണം.
സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്.

പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ-പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുന്നതാണ്.

Story Highlights: Flex board demands removal of KC Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here