മണിപൂരിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂരിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 59 പേർ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇംഫാലിലെ അസംബ്ലി ഹാളിൽ പ്രോട്ടെം സ്പീക്കർ സോറോഖൈബാം രാജെൻ സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. 12-ാമത് മണിപ്പൂർ നിയമസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് നിലവിലെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് ബിരേൻ സിംഗ് തുടരുമെന്നാണ് സൂചനയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഹീൻഗാങ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി ശരത്ചന്ദ്രയെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ബിരേൻ സിംഗ് വിജയിച്ചിരുന്നു. ഗവർണർ സത്യപാൽ മാലിക്കിന് സിംഗ് രാജിക്കത്ത് സമർപ്പിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി ബിരേൻ തുടരും.
മണിപ്പൂർ തെരഞ്ഞെടുപ്പിൽ 60ൽ 32 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എൻപിപി ഏഴ് സീറ്റും ലഭിച്ചു. സംസ്ഥാനത്ത് ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നാഗാ പീപ്പിൾസ് ഫ്രണ്ട് അഞ്ച് സീറ്റും കുക്കി പീപ്പിൾസ് അലയൻസ് രണ്ട് സീറ്റും നേടി. സ്വതന്ത്രർ മൂന്ന് സീറ്റുകൾ സ്വന്തമാക്കി. മാർച്ച് 19 ന് നിയമസഭയുടെ കാലാവധി അവസാനിക്കും.
Story Highlights: fifty-mlas-were-sworn-in-manipu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here