ഫൈനലിലേക്ക് കൊമ്പ് കുലുക്കുമോ? ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ രണ്ടാംപാദ സെമി ഇന്ന്

ഐ.എസ്.എല്‍ രണ്ടാം പാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിലാണ് മത്സരം. ഉരുക്കു നഗരക്കാർക്കെതിരെ സമനിലയെങ്കിലും പിടിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് കിരീടത്തിന് അരികെയെത്താം.
ആറ് വർഷത്തിന് ശേഷം കലാശപ്പോരിലേക്കെത്താൻ ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്സിന്. കരുത്തരെങ്കിലും ജംഷഡ്പൂരിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു. സഹലിസം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ആദ്യ പാദത്തിൽ വീണെങ്കിലും ഓവൻ കോയ്ലിന്റെ ജാംഷഡ്പുരിനെ ഭയക്കണം. 20 കളികളിൽ 43 പോയന്റുമായി എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ നടന്നവർ. സെമിയിൽ കേരളത്തിനെതിരെ ഇറങ്ങുംമുമ്പ് അവസാന ഏഴു കളികളിൽ എല്ലാം ജയിച്ചവർ. ബ്ലാസ്റ്റേഴ്സ് കണ്ണൊന്ന് ചിമ്മിയാൽ ഗ്രെഗ് സ്റ്റിവേർട്ട്, ഡാനിയൽ ചീമാ ചിക്വു എന്നിവർ അപകടം വിതയ്ക്കും. കലാശപ്പോരിന് ഗാലറിയിൽ മഞ്ഞക്കടൽ തീർക്കാൻ കാത്തിരിക്കുന്ന ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശരാക്കില്ലെന്ന് കരുതാം.
Story Highlights: kerala-blasters-fc-vs-jamshedpur-fc-semi-final-leg-2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here