സമൂല മാറ്റവുമായി പിഎസ്എൽ; ഇനി ആര് ഐപിഎൽ കളിക്കാൻ പോകുമെന്ന് കാണാമെന്ന് റമീസ് രാജ

സമൂല മാറ്റവുമായി പാകിസ്താൻ സൂപ്പർ ലീഗ്. ഐപിഎലിലെ താരലേലം ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും സീസൺ മുതൽ നടപ്പാക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ പറഞ്ഞു. ഐപിഎൽ പോലെ പണക്കിലുക്കമുള്ള ലീഗായി പിഎസ്എൽ മാറുമ്പോൾ ആരാണ് ഇത് ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോകുന്നതെന്ന് കാണാമെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.
‘സാമ്പത്തിക മെച്ചപ്പെടലിലായി പിസിബി പുതിയ മാർഗങ്ങൾ കണ്ടെത്തണം. ഐസിസി ഫണ്ടിങും പിഎസ്എലുമാണ് നിലവിൽ ബോർഡിൻ്റെ പ്രധാന വരുമാന മാർഗങ്ങൾ. പിഎസ്എലിൽ അടുത്ത സീസൺ മുതൽ ചില മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നുണ്ട്. താരലേലം നടപ്പാക്കലാണ് പ്രധാനം. പണം തന്നെയാണ് ഇത്തരം ലീഗുകളുടെ അടിസ്ഥാനം. അതുവഴി പാകിസ്താനിലെ ക്രിക്കറ്റ് വളരുമ്പോൾ മറ്റ് ടീമുകൾക്ക് ഞങ്ങളോടുള്ള നിലപാട് മാറും. താരലേലത്തിനായി കൂടുതൽ തുക ചെലവഴിക്കുമ്പോൾ പിഎസ്എൽ ഒഴിവാക്കി ആരാണ് ഐപിഎലിനായി പോകുന്നതെന്ന് നമുക്കു കാണാം.’- റമീസ് രാജ പറഞ്ഞു.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
Story Highlights: psl ipl ramiz raja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here