Advertisement

കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ മരുമകളുടെ ജാതി പ്രശ്നം; പൂരക്കളി കലാകാരന് ക്ഷേത്ര വിലക്ക്

March 15, 2022
Google News 1 minute Read

മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചതിന് കണ്ണൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി. കരിവെള്ളൂർ സ്വദേശി വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്രക്കമ്മിറ്റി പൂരക്കളിയിൽ നിന്ന് വിലക്കിയത്. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രക്കമ്മിറ്റിയുടെ നിലപാട്.

പൂരക്കളിയുടെയും മറത്തുകളിയുടെയും പ്രധാന കേന്ദ്രമാണ് കണ്ണൂരിലെ കരിവെള്ളൂർ. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മേഖലയിൽ ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കർ. പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൂരോത്സവത്തിനായി നാലും അഞ്ചും വർഷം മുമ്പേ സമുദായ സംഘം പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. കരിവെള്ളൂർ സോമേശ്വരി ക്ഷേത്രത്തിലും കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിൻറെ ഭാഗമായുള്ള പൂരക്കളിക്കും മറത്തുകളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

ഇതിനിടെയാണ് വിനോദിൻറെ മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്യമതത്തിൽപ്പെട്ട പെൺകുട്ടി താമസിക്കുന്ന വീട്ടിൽ നിന്നും ചടങ്ങുകൾക്കായി വിനോദിനെ ആചാരപ്രകാരം കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ നിലപാട്. മറ്റൊരു വീട്ടിലേക്ക് മാറി ചടങ്ങു നടത്തിയാൽ പങ്കെടുപ്പിക്കാമെന്ന് വ്യവസ്ഥവച്ചെങ്കിലും വിനോദ് വഴങ്ങിയില്ല.

സിപിഐഎം ശക്തികേന്ദ്രമായ ഇവിടെ, വിഷയം പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്നും വിമർശനമുണ്ട്. സമരപോരാട്ടങ്ങളുടെ ചരിത്ര ഭൂമികയും ഇടതു കോട്ടയുമായ കരിവെള്ളൂരിലെ വിലക്ക് ഇതിനകം ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.

Story Highlights: son-marries-muslim-woman-temple-committee-bans-poorakali-artist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here