രാജ്യസഭാ സീറ്റ്; തോറ്റവരെ പരിഗണിക്കരുതെന്ന മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിച്ച് കെ. സുധാകരൻ

രാജ്യസഭാ സീറ്റിൽ തോറ്റവരെ പരിഗണിക്കരുതെന്ന കെ. മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി. മുരളീധരന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനും ഹൈക്കമാൻഡിന് കത്ത് നൽകാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതാണ് കോൺഗ്രസ് പാർട്ടിയുടെ രീതിയെന്നും സുധാകരൻ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്യമാണ് ഈ പാർട്ടിയുടെ ഏറ്റവും വലിയ മഹത്വം. നേതൃത്വം എടുക്കുന്ന തീരുമാനത്തെപ്പോലും വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തിരുത്തുകയും ചെയ്യുന്ന അണികളും നേതാക്കളുമാണ് കോൺഗ്രസിലുള്ളത്. ബി.ജെ.പിക്കും സി.പി.എമ്മിനും ഇത്തരമൊരും കീഴ്വഴക്കം സ്വപ്നം കാണാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി കെ മുരളീധരൻ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. ശ്രീനിവാസൻ കൃഷ്ണന് പരോക്ഷ പിന്തുണ നൽകുന്ന കത്താണ് കെ മുരളീധരൻ ഹൈക്കമാൻഡിന് അയച്ചത്. തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി തോൽക്കുന്നവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഭാഷാ നൈപുണ്യമുള്ളവരെ രാജ്യസഭയിലേക്ക് പരിഗണിക്കണം. തെരഞ്ഞടുപ്പിൽ തോറ്റവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെയെന്നും കെ മുരളീധരൻ എം പി അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും സംസ്ഥാന തലത്തിലുള്ള പ്രധാന നേതാക്കളുമായി വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചിട്ടുണ്ട്.
Story Highlights: K. Sudhakarans response to Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here