ഇൻസ്റ്റഗ്രാം നിരോധനം; ‘റോസ്ഗ്രാമു’മായി റഷ്യ

റഷ്യയിൽ ഇൻസ്റ്റഗ്രാമിനു പകരം റോസ്ഗ്രാം. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം നിരോധിച്ചതിനു പിന്നാലെയാണ് റഷ്യ സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ ഇല്ലാത്ത ക്രൗഡ് ഫണ്ടിംഗ്, ചില പ്രത്യേക കണ്ടൻ്റുകളിലേക്ക് പണം ഈടാക്കൽ സൗകര്യങ്ങളൊക്കെ റോസ്ഗ്രാമിൽ ഉണ്ടാവുമെന്ന് അധികൃതർ അറിയിക്കുന്നത്. ഈ മാസം 28 മുതൽ ആപ്പ് ആപ്പ് സ്റ്റോറുകളിൽ ലഭ്യമാവും.
റഷ്യയിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളൊക്കെ വിലക്കിയിരിക്കുകയാണ്. റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്കിനെതിരേ നിരോധനം ഏർപ്പെടുത്തിയിരുന്നത്. റഷ്യൻ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകൾക്ക് യുക്രൈൻ ഉൾപ്പടെയുള്ള ചില രാജ്യക്കാർക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടർന്നാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

റഷ്യയിൽ പ്ലേസ്റ്റോറിൽ ഇടപാടുകൾ നടത്തുന്നതിനും സബ്സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിൾ വിലക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് വിലക്ക്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി നിലവിലുള്ള സബ്സ്‌ക്രിപ്ഷനുകൾ പുതുക്കാനോ കാൻസൽ ചെയ്യാനോ സാധിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് സബ്‌സ്‌ക്രിപ്‌ഷൻ എടുത്ത ഉപഭോക്താക്കൾക്ക് സേവനങ്ങൾക്ക് തടസം ഉണ്ടാകില്ല. നിലവിലുള്ള ബില്ലിങ് കാലാവധി തീരുന്നത് വരെ സേവനം ഉപയോഗിക്കാൻ സാധിക്കും.
നിലവിലുള്ള ഡെവലപ്പർ സബ്സ്‌ക്രിപ്ഷനുകൾക്ക് ബില്ലിങ് ഗ്രേസ് പിരീയഡ് അനുവദിക്കും കൂടാതെ പേമെന്റ് നടക്കുന്നത് വരെ ഫ്രീ ട്രയലുകൾ തുടരുകയും ചെയ്യും. ഈ തീരുമാനങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാകുന്നതറിയാൻ ഗൂഗിളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി റഷ്യൻ ജനങ്ങളോട് നിർദേശിച്ചു. സൗജന്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.
Story Highlights: rossgram russia instagram replacement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here