മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ അടിപിടി; ഒരാൾക്ക് വെടിയേറ്റു

മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ കൈയേറ്റത്തിനൊടുവിൽ ജ്യേഷ്ഠന് എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റു. നെടുങ്കണ്ടയിലാണ് സംഭവം. രാജാക്കാട് കുരിശുപാറ കൂനംമാക്കൽ സിബിയ്ക്കാണ് (49) വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരൻ സാന്റോയെ (38) പൊലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.
സിബി കുരിശുപാറയിലാണ് താമസിക്കുന്നത്. സാന്റോയുടെ വീടിനു സമീപം സിബിയുടെ ഉടമസ്ഥതയിൽ ഏലാതോട്ടമുണ്ട്. കഴിഞ്ഞ ദിവസം സിബിയും ഒരു സഹായിയും തോട്ടത്തിലെത്തിയശേഷം സാന്റോയോടൊപ്പം മദ്യപിച്ചു. ഇതിനിടെ സാന്റോ മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തിയത് സിബിക്ക് ഇഷ്ടമായില്ല. തുടർന്നാണ് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായത്.
Read Also : ലോട്ടറി വിൽപ്പനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ, പിന്നാലെ ആത്മഹത്യാശ്രമം
തർക്കത്തിനൊടുവിൽ ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെത്തിയ സിബി സഹോദരനുമായി പ്രശ്നമുണ്ടായ കാര്യം പൊലീസിനെ അറിയിച്ചു. സിബി മദ്യപിച്ചിരുന്നതിനാൽ പൊലീസ് കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽ തിരിച്ചെത്തിയ ഉടൻ ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാവുകയും തുടർന്ന് സാന്റോ എയർഗണ്ണെടുത്ത് വെടിയുതിർക്കുകയായിരുന്നു.
സാന്റോയ്ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ഉടുമ്പൻചോല സി.ഐ ഫിലിപ് സാം അറിയിച്ചു. സിബി അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Story Highlights: Brothers beat each other; One was shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here