Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 19-03-2022)

March 19, 2022
2 minutes Read

തൊടുപുഴയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊന്നു ( march 19 news headlines )

ഇടുക്കി തൊടുപുഴയില്‍ വൃദ്ധന്‍ വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലപാട് മയപ്പെടുത്തി സി.പി.ഐ; സിൽവർ ലൈനിൽ സർക്കാരിനൊപ്പമെന്ന് കാനം

സിൽവർലൈൻ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും തങ്ങൾ സർക്കാരിനൊപ്പമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യസഭാ സീറ്റ് ലഭിച്ച പശ്ചാത്തലത്തിൽ സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുകയാണെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.

കല്ലുകള്‍ പിഴുതാല്‍ വികസനം തടയാനാകില്ലെന്ന് കോടിയേരി

സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസന പ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. സില്‍വര്‍ലൈനില്‍ തെറ്റിദ്ധാരണ പരത്തി സംഘര്‍ഷമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ഡിജിപി ഓഫിസിലേക്കുള്ള മഹിളാ കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം

സിൽവർ ലൈനിനെതിരായ സമരങ്ങളിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫിസിന് മന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. പൊലീസും മഹിളാ കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ പൊലീസുകാർ ഉൾപ്പടെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ബാരിക്കേഡ് ഉപയോ​ഗിച്ച് പ്രവർത്തകരെ തടഞ്ഞുനിർത്തിയിരിക്കുകയാണ്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് തിരൂരും ചോറ്റാനിക്കരയിലും സമരക്കാർ പ്രതിഷേധം തുടരുകയാണ്.

കൊച്ചുകുട്ടികളെപ്പോലും ആക്രമിച്ച പൊലീസിനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ

പെൺകുട്ടികളെയും കൊച്ചുകുട്ടികളെയും ആക്രമിച്ച പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്ന കോട്ടയം മാടപ്പള്ളിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം.

വീട്ടുമുറ്റത്ത് നിൽക്കുന്ന വനിതകളെ ഉൾപ്പടെ പൊലീസ് ​ഗുണ്ടകൾ ആക്രമിക്കുന്നുവെന്ന് വി. മുരളീധരൻ

സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറിയെന്നും വീട്ടിന് മുറ്റത്ത് നിൽക്കുന്ന വനിതകളെ ഉൾപ്പടെ പൊലീസ് ​ഗുണ്ടകൾ ആക്രമിക്കുകയാണെന്നും കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്ന കോട്ടയം മാടപ്പള്ളിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം.

നാടിൻറെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാട്; മുഖ്യമന്ത്രി

നാടിൻറെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും, പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭാവനയെ ക്ഷണിച്ചത് ഞാൻ, ട്രോളുകളെ പുച്ഛിച്ച് തള്ളുന്നു; രഞ്ജിത്ത്

ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനപ്രകാരമാണെന്നും സമൂഹ മാധ്യമങ്ങളിലെ ട്രോളുകളെ പുച്ഛിച്ച് തള്ളുന്നുവെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ചലച്ചിത്ര അക്കാഡമിയിലെ സഹപ്രവർത്തകരുമായി കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊണ്ടത്. മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം ഭയന്നാണ് വാർത്ത പുറത്തുവിടാതിരുന്നത്. നെ​ഗറ്റിവിറ്റി കൊണ്ട് തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. ദിലീപിനോട് ആത്മബന്ധമില്ല. സുരേഷ് കൃഷ്ണ പറഞ്ഞിട്ടാണ് ദിലീപിനെ ജയിലി‍ൽ പോയിക്കണ്ടത്. സിനിമയെ ഏറെ സ്നേഹിക്കുന്ന, അഭിനയം തൊഴിലാക്കിയ ഭാവനയെ മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാടപ്പള്ളിയിലെ കെ-റെയിൽ സമരം; ജിജി ഫിലിപ്പിനെതിരെ കേസ്

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലെ കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ കേസ്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുക്കും.

ജിജിയെ കോൺ​ഗ്രസ് ചേർത്ത് പിടിക്കുമെന്ന് വി.ഡി. സതീശൻ

കോട്ടയം മാടപ്പള്ളിയിൽ സിൽവർ ലൈനിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയും കേസെടുക്കുകയും ചെയ്ത ജിജിയെ കോൺ​ഗ്രസ് ചേർത്ത് പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിലിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം ശക്തമായി തുടരും. ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൂടിയ അബദ്ധ പഞ്ചാം​ഗമായ ഡി.പി.ആറാണ് സർക്കാരുണ്ടാക്കിയിരിക്കുന്നത്. ഉദ്യോ​ഗസ്ഥർ സ്ഥാപിക്കുന്ന സർവേക്കല്ലുകൾ ഇനിയും പിഴുതെറിയുമെന്നും വി.ഡി. വ്യക്തമാക്കി.

‘സ്‌പോണ്‍സേഡ് അപവാദങ്ങള്‍’; കെട്ടിയിറക്കിയ സ്ഥാനാര്‍ഥി വേണ്ടെന്ന പ്രചരണത്തിന് മറുപടിയുമായി ശ്രീനിവാസന്‍ കൃഷ്ണന്‍

രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്‍പ് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ മറുപടിയുമായി എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്‍. തനിക്കെതിരെ നടന്നത് സ്‌പോണ്‍സേഡ് അപവാദങ്ങളായിരുന്നെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നോമിനി എന്നത് അപവാദമായി താന്‍ കരുതുന്നില്ല. രണ്ട് ദിവസം മാത്രം ആയുസുള്ള ഇത്തരം പ്രചരണങ്ങളില്‍ കൂടുതല്‍ പ്രതിക്കുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

Story Highlights: march 19 news headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top