പത്മജുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടില്ല; ജെബി മേത്തർ

രാജ്യസഭാ സ്ഥാനാർത്ഥിത്വത്തെപ്പറ്റി പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലുള്ള പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സ്ഥാനാർത്ഥി ജെബി മേത്തർ ട്വന്റിഫോറിനോട് പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വിമർശനം ഉന്നയിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വം തനിക്ക് നൽകിയത് മറ്റാർക്കും ലഭിക്കാത്ത അവസരമാണെന്നും, ഏല്പിച്ച ചുമതല ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്നും ജെബി മേത്തർ വ്യക്തമാക്കി.
മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് താനെന്നും സൂചിപ്പിച്ച് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാൽ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. രാജ്യ സഭ സീറ്റ് കിട്ടാത്തത് കൊണ്ടാണ് പത്മജ അതൃപ്തിയുമായെത്തിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി ജെബി മേത്തർ രംഗത്തെത്തിയത്.
Read Also : മനസ് വല്ലാതെ മടുത്തു, തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാർട്ടിക്കാർ; പത്മജ വേണുഗോപാൽ
തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാർട്ടിക്കാർ തന്നെയാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ല. മനസ് വല്ലാതെ മടുത്തു. ചില കാര്യങ്ങൾ താന്‍ തുറന്നു പറയും. പാർട്ടി വേദികളിൽ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പത്മജ ആരോപിക്കുന്നു.
” എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്?. എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ്. എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു ”. – പത്മജ ഫേസ് ബുക്കിൽ കുറിച്ചു.
Story Highlights: Padmaju’s Facebook post went unnoticed; JB Mather
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here