എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി മോഷ്ടിക്കുന്നത് ശതകോടികൾ; ഗോകുലം ഗോപാലൻ
എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി നടേശനും കുടുംബവും മോഷ്ടിക്കുന്നത് ശതകോടികളാണെന്നും വാർഷിക വരുമാനം ഏറെയുള്ള എസ്.എൻ.ഡി.പി യോഗത്തിൽ നിന്ന് കേരളത്തിലെ ശ്രീനാരായണീയർക്ക് ഒരു നേട്ടവും കിട്ടിയിട്ടില്ലെന്നും ഗോകുലം ഗോപാലൻ. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി സംയുക്ത സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഹൈക്കോടതി വിധി അട്ടിമറിക്കാനാണ് ശ്രമം. ആരാണ് വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തതും നേതാവാക്കിയതും. ബന്ധുക്കളും ജോലിക്കാരും മാത്രം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണോ കേരളത്തിലെ ഈഴവരുടെ നേതാവിനെ കണ്ടത്തേണ്ടത്. ഈഴവരുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം കേരളത്തിലെ എല്ലാ ശ്രീനാരായണീയർക്കും നേടിക്കൊടുക്കാനായാണ് ഈ സമരം നടത്തുന്നത്.
കാൽനൂറ്റാണ്ടായി കേരളത്തിലെ ശ്രീനാരായണീയർക്ക് അവരുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ ഗുണ്ടായിസത്തെ ഭയന്ന് മിണ്ടാതിരിക്കാനാവില്ല. നടേശന്റെ കുടുംബാധിപത്യം അവസാനിപ്പിച്ചില്ലെങ്കിൽ അത് ഗുരുദേവ നിന്ദയാകും. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ തിരിച്ചുപിടിക്കണം. വെള്ളാപ്പള്ളി അഴിമതിക്കാരനാണെന്ന് കൊച്ച് കുഞ്ഞുങ്ങൾക്ക് വരെ അറിയാം. പക്ഷേ അദ്ദേഹം അതിനെ ഒരു പുരസ്കാരമായാണ് കാണുന്നത്. തോൽക്കുമെന്ന ഭീതി മൂലമാണ് വെള്ളാപ്പള്ളി ജനാധിപത്യ തെരഞ്ഞെടുപ്പിനെ എതിർക്കുന്നത്. ജീവൻ നഷ്ടപ്പെട്ടാലും എസ്.എൻ.ഡി.പിയെ വെള്ളാപ്പള്ളിയിൽ നിന്ന് മോചിപ്പിക്കും”. – ഗോകുലം ഗോപാലൻ വ്യക്തമാക്കി.
എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി വിധിയനുസരിച്ച്, അംഗങ്ങൾക്കെല്ലാം വോട്ടവകാശം നൽകി എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എസ്.എൻ.ഡി.പി യോഗം സംയുക്ത സമരസമിതിയുടെ ആവശ്യം. വാർഷിക റിട്ടേണും ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റും തുടർച്ചയായി ആറുവർഷം ഫയൽ ചെയ്യാതിരുന്നതുമൂലം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ അയോഗ്യരായിരിക്കുകയാണെന്ന് സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ വ്യക്തമാക്കിയിരുന്നു.
Story Highlights: SNDP Joint Committee Secretariat March against Vellapally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here