Advertisement

വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്‍ക്ക് തീപിടിച്ച വില; പലായനത്തിനൊരുങ്ങി ശ്രീലങ്കന്‍ ജനത

March 23, 2022
Google News 2 minutes Read

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്കന്‍ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.(sri lanka economic crisis refugees to tamil nadu)

ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതല്‍ തകര്‍ത്തേക്കുമെന്ന ഭീതിയില്‍ ശ്രീലങ്കന്‍ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി. 2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി കടുക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലേക്ക് വലിയ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : വായ്പ തേടിയുള്ള പരക്കംപാച്ചില്‍; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക

ക്ഷാമം രൂക്ഷമായതോടെ ഭരണകൂടത്തിനെതിരെ ജനരോക്ഷം കത്തുകയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. വിദേശനാണയശേഖരത്തിലെ പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകര്‍ച്ചയുമാണ് ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തെ തകര്‍ത്തതെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ശ്രീലങ്കയ്ക്ക് 2.5 ബില്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജ് ചൈന അനുവദിച്ചേക്കുമെന്നാണ് സൂചന.

2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായിരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. തൊടുന്നതിനെല്ലാം തീപിടിച്ച വില. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്.

2013 ന് ശേഷം ഇതാദ്യമായാണ് ലങ്കയില്‍ ഭക്ഷ്യോത്പനങ്ങളുടെ വിലയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നത്. മരുന്നുകള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമം നേരിടുന്നു. രാജ്യത്ത് അഞ്ച് മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഇന്ധനക്ഷാമത്തിന് വഴിതെളിച്ചു. എല്ലാ ഉത്പനങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. കരുതല്‍ വിദേശ നാണ്യം ഇടിഞ്ഞതോടെ ഇറക്കുമതിയും നിലച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നത് ലങ്കന്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തുടങ്ങിവച്ച മെഗാപ്രൊജക്ടുകളിലായിരുന്നു പ്രതീക്ഷകള്‍ അത്രയും. എന്നാല്‍ പ്രൊജക്ടുകള്‍ പലതും നഷ്ടത്തിലായതോടെ എല്ലാം താളംതെറ്റുകയായിരുന്നു.

Story Highlights: sri lanka economic crisis refugees to tamil nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here