ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ച; പലായനം ചെയ്ത് തമിഴ്‌നാട്ടിലെത്തിയവരെ ജയിലിലേക്ക് മാറ്റി

ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് തമിഴ് നാട്ടിലെത്തിയവരെ ജയിലിലേക്ക് മാറ്റി. രാമേശ്വരം മജിസ്‌ട്രേറ്റ് കോടതിയാണ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേരെയും ചെന്നെയിലെ പുഴല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയവരെ, അഭയാര്‍ത്ഥികളായി കാണാന്‍ സാധിക്കില്ലെന്നും നുഴഞ്ഞു കയറ്റക്കാരായി പരിഗണിച്ചാണ് ഈ വിധിയെന്നും കോടതി നിരീക്ഷിച്ചു.
ഏപ്രില്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ , അനധികൃതമായി എത്തിയവര്‍ അഭയാര്‍ത്ഥികളാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇവരെ ക്യാംപുകളിലേക്ക് മാറ്റും. ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തമിഴ് നാട്ടിലെ ക്യാംപുകളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയവരില്‍ പലരും നേരത്തെ ക്യാംപുകളില്‍ കഴിഞ്ഞിരുന്നവരാണ്. കൂടുതല്‍ പേര്‍ തമിഴ് നാട് തീരത്തേക്ക് എത്താനുള്ള സാധ്യത പരിഗണിച്ച് തീരദേശ സംരക്ഷണ സേനയും പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്.
Read Also : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കും; ശ്രീലങ്കൻ പ്രസിഡന്‍റ്
2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. തൊടുന്നതിനെല്ലാം തീപിടിച്ച വില. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്..
Story Highlights: Economic crisis Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here