ജനപ്രതിനിധികളെ മര്‍ദിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും; കെപിസിസി പ്രസിഡന്റ്

കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനവിരുദ്ധ കെ റെയില്‍ പദ്ധതിയ്ക്കെതിരെ മാര്‍ച്ച് നടത്തിയ ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പൊലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമല്ല. കെ-റെയില്‍ കമ്മീഷന്‍ വീതംവയ്പ്പില്‍ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ ധാരണയായെന്ന് ഈ മര്‍ദ്ദനം വ്യക്തമാക്കുന്നു.
പിണറായി വിജയന്‍ – നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തില്‍ നടത്തിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത യു ഡി എഫ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണം, കെ സുധാകരന്‍ പ്രതികരിച്ചു.
Read Also : യുഡിഎഫ് എംപിമാര്‍ നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം; ഡല്‍ഹി പൊലീസിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍
അതേസമയം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം നടത്തിയതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എംപിമാരുടെ വിവരക്കേടാണ് ഇതിലൂടെ തെളിഞ്ഞതെന്നും പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights: k sudhakaran against delhi police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here