‘പാമ്പു പിടിക്കാൻ വിളിക്കുന്നവരെ ഉദ്യോഗസ്ഥർ വിളിച്ച് തടസപ്പെടുത്തുന്നു’; ആരോപണവുമായി വാവ സുരേഷ്

വനം വകുപ്പിനെതിരെ ആരോപണവുമായി വാവസുരേഷ്. തന്നെ പാമ്പ് പിടിക്കാൻ ചില വനം വകുപ്പ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് വാവ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. തന്നെ പാമ്പ് പിടിക്കാൻ വിളിക്കുന്നവരെ ചില ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് തടസപ്പെടുത്തിയതായാണ് പരാതി. ( forest officers not allowing to work says vava suresh )
‘ഞങ്ങൾ ഒന്നും പറയുന്നില്ല, ഒന്നും മിണ്ടുന്നില്ലെന്നാണ് പറയുന്നത്. പക്ഷേ എന്നെ പാമ്പ് പിടിക്കാൻ വിളിക്കുന്നവരെ ഉദ്യോഗസ്ഥർ വിൡക്കുന്നുണ്ട്. എന്നോട് ആരും നേരിട്ട് ഒന്നും പറയുന്നില്ല. എന്നെ വിളിക്കരുതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വകുപ്പ് മന്ത്രിക്കും ഞാൻ പാമ്പ് പിടിക്കുന്നതിൽ പ്രശ്‌നമില്ല. മന്ത്രിക്കും മുകളിലാണോ ഉദ്യോഗസ്ഥർ ?’- വാവ സുരേഷ് പറയുന്നു.
വിഷയത്തിൽ വനംമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ടെന്ന് വാവ സുരേഷ് പറയുന്നു. എല്ലാ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രശ്‌നമില്ല, ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് പ്രശ്‌നമെന്നും വാവ സുരേഷ് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു കിംഗ് കോബ്രയെ ഉൾപ്പെടെ 50 ഓളം പാമ്പുകളെ പിടികൂടിയെന്നും വാവ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. അപകട ശേഷവും പ്രത്യേക സുരക്ഷാ മുൻകരുതലുകൾ ഒന്നുമില്ലാതെയാണ് പാമ്പ് പിടിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു.
‘അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മുൻകരുതലൊന്നും സ്വീകരിച്ചിട്ട് കാര്യമില്ല. സൂക്ഷിച്ച് തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നത്’- വാവ സുരേഷ് പ്രതികരിച്ചു.
Story Highlights: forest officers not allowing to work says vava suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here