Advertisement

കണ്ണടച്ച് തുറക്കുന്നതിനിടെ ഫോൺ മോഷ്ടിക്കും ! തട്ടിപ്പിന്റെ പുതിയ രീതിയെ കുറിച്ച് പൊലീസ്

March 26, 2022
2 minutes Read
kerala police fb post about mobile phone robbery
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തട്ടിപ്പിനായി പുതിയ വഴികൾ തേടുകയാണ് മോഷ്ടാക്കൾ. അവയെല്ലാം പൊളിച്ചടുക്കി കേരളാ പൊലീസും ഇവരുടെ പിന്നാലെ തന്നെയുണ്ട്. കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന പുതിയ രീതിയെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.
തൃശൂരിൽ നടന്ന ഒരു മോഷണ ശ്രമം വിവരിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ ഫോസ്ബുക്ക് പോസ്റ്റ്. ( kerala police fb post about mobile phone robbery )

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

തൃശൂരിൽ നടന്ന ഒരു സംഭവം.
കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയായിരുന്നു.
മോളേ,
എന്റെ ഭാര്യ ഇവിടെ എത്താമെന്നു പറഞ്ഞിരുന്നു. അവൾ ഇതുവരേയും എത്തിയില്ല. വീട്ടിൽ നിന്നും പുറപ്പെട്ടുവോ ആവോ? ആ മൊബൈൽഫോൺ ഒന്നു തരുമോ, ഒരു കോൾ വിളിക്കാനാണ്.
ഒരാൾ, ആ പെൺകുട്ടിയുടെ അടുത്തുവന്ന് ചോദിച്ചു.
അത്യാവശ്യകാര്യത്തിനല്ലേ എന്നു കരുതി, ആ പെൺകുട്ടി തന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്ത്, അയാൾ നൽകിയ ഫോൺ നമ്പറിലേക്ക് പെൺകുട്ടിതന്നെ ഡയൽ ചെയ്തു. എന്നിട്ട് സംസാരിക്കുന്നതിനായി ഫോൺ അയാൾക്ക് കൈമാറി.
അയാൾ അത് ചെവിയോടു ചേർത്തു പിടിച്ചു. മൊബൈൽഫോണിന് റേഞ്ച് കുറവാണെന്ന മട്ടിൽ അയാൾ പെൺകുട്ടി നിന്നിടത്തുനിന്നും അൽപ്പം നീങ്ങി നിന്നു സംസാരിക്കാൻ തുടങ്ങി.
മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേൾക്കാനില്ലെന്ന മട്ടിൽ, അയാൾ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിക്കുകയും, പെൺകുട്ടിയുടെ സമീപത്തുനിന്നും ദൂരെയ്ക്ക് മാറിപോകുകയും, ക്ഷണ നേരം കൊണ്ട് അയാൾ പെൺകുട്ടിയുടെ കാഴ്ചയിൽ നിന്നും മറഞ്ഞുപോകുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെൺകുട്ടി പൊട്ടിക്കരഞ്ഞു.
പെൺകുട്ടി കരയുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ കാണുകയുണ്ടായി. അവളുടെ അടുത്തേക്കു വന്ന് കാര്യങ്ങൾ തിരക്കി. പോലീസുദ്യോഗസ്ഥൻ ഇക്കാര്യം കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻ തന്നെ അത് നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുദ്യോഗസ്ഥരിലേക്കും കൈമാറി. നഗരത്തിൽ കേരള ഗവർണറുടെ സന്ദർശനം കണക്കിലെടുത്ത്, കൂടുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
നഗരത്തിൽ കുറുപ്പം റോഡ് ജംഗ്ഷനിൽ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരിദാസ്, തന്റെ മുന്നിലൂടെ ഒരാൾ നടന്നു പോകുന്നത് ശ്രദ്ധിച്ചു. കൺട്രോൾ റൂമിൽ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണ് ഇതെന്ന് പോലീസുദ്യോഗസ്ഥൻ മനസ്സിലാക്കി.
അയാൾ നേരെ ഒരു മൊബൈൽ ഫോൺ കടയിലേക്കാണ് കയറിപ്പോയത്. പെൺകുട്ടിയെ കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈൽഫോൺ അയാൾ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിംകാർഡ് ഊരിമാറ്റി, സെക്കന്റ് ഹാന്റ് മൊബൈൽ വിൽപ്പന നടത്തുന്ന കടയിൽ കൊണ്ടുപോയി വിൽക്കുക എന്നതായിരുന്നു അയാളുടെ പ്ലാൻ.
എന്നാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ ഇക്കാര്യം മനസ്സിലാക്കി, ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സമീപമുള്ള രണ്ടു മൂന്ന് മൊബൈൽ കടകളിൽ ഇയാൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. സംശയം തോന്നി, അയാളെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിയെടുത്ത മൊബൈൽ ഫോൺ കണ്ടെടുത്തു.
കണ്ടെടുത്ത മൊബൈൽഫോൺ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വെച്ച് പെൺകുട്ടിക്ക് കൈമാറി.

#keralapolice

Story Highlights: kerala police fb post about mobile phone robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement