ദിലീപ് നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് നാളെ വീണ്ടും ഹാജരാകണമെന്ന് അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അല്പസമയം മുമ്പാണ് 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി നടൻ ദിലീപ് ആലുവ പൊലീസ് ക്ലബിൽ നിന്ന് പുറത്തേയ്ക്ക് പോയത്.
ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥർ പൊലീസ് ക്ലബിൽ തന്നെ യോഗം ചേരുകയാണ്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. നാളെ വീണ്ടും ഹാജരാകണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യത്തോട് ദീലീപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്തത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേയ്ക്ക് മാറ്റിയത്.
Read Also : നടിയെ ആക്രമിച്ച കേസ്; ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. സായ് ശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.
ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ചില നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. നിലവില്‍ ഈ രേഖകളില്‍ ചിലത് ലഭിച്ചതെന്നാണ് സൂചന. ദിലീപിന്റെയടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് മാറ്റിയെന്നായിരുന്നു പ്രതികളുടെ വാദം. നശിപ്പിക്കപ്പെട്ടു എന്നു കരുതിയിരുന്ന ഫോണുകളിൽ നിന്നാണ് വിദഗ്ധരുടെ സഹായത്തോടെ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇവയെ അടിസ്ഥാനമാക്കിയാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്.
Story Highlights: Dileep should appear for questioning tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here