പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് കുവൈത്ത് അന്താരാഷ്ട്ര ഗവേഷണകേന്ദ്രം വരുന്നു

ഈ വർഷം അവസാനത്തോടെ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി കുവൈത്ത് അന്താരാഷ്ട്ര ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി കുവൈത്ത് പെട്രോളിയം കോർപറേഷൻ. നാലുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. കേന്ദ്രത്തിന്റെ വിശദമായ പ്ലാനും ടെൻഡറിനുള്ള രേഖകളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അഹ്മദി ഗവർണറേറ്റിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് 2,50,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കേന്ദ്രം സ്ഥാപിക്കുന്നത്.
ക്രൂഡോയിലുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, എണ്ണ പര്യവേക്ഷണം, സാങ്കേതിക വിദ്യാ വികസനം എന്നീ മേഖലകളിൽ മികവുപുലർത്താനും സാങ്കേതികമായി രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും ഗവേഷണകേന്ദ്രം വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നോൺ അസോസിയേറ്റഡ് ഗ്യാസ് ഉൽപാദനം, വൻതോതിൽ എണ്ണ ഉൽപാദനവും ശുദ്ധീകരണം, ശുദ്ധീകരണ ശേഷി വർധിപ്പിക്കൽ, പ്രാദേശികവും ആഗോളവുമായ പെട്രോകെമിക്കൽ, എണ്ണ ശുദ്ധീകരണ പ്രവർത്തനങ്ങളെ പിന്തുണക്കൽ, തൊഴിലാളികളുടെ സുരക്ഷ, പരിസ്ഥിതി സൗഹാർദ അന്തരീക്ഷം, നൂതന സാങ്കേതികവിദ്യകൾ കണ്ടെത്തൽ എന്നിവ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടും.
Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
കുവൈത്ത് അന്താരാഷ്ട്ര ഗവേഷണകേന്ദ്രത്തിൽ 28 ടെക്നോ ലാബുകളും 300 ഹൈടെക് ഉപകരണങ്ങളും കോൺഫറൻസ് സെന്ററും സജ്ജീകരിക്കും. 400ൽ അധികം വിദഗ്ധ ജീവനക്കാർ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമാകും. പെട്രോളിയം മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന അറിവുകൾ സംഭാവന ചെയ്യാൻ കുവൈത്തിലെ നിർദിഷ്ട ഗവേഷണ കേന്ദ്രത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. നിർമാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ബൃഹത്തായ പെട്രോളിയം റിസർച്ച് സെന്ററായി കുവൈത്ത് അന്താരാഷ്ട്ര ഗവേഷണകേന്ദ്രം മാറുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Story Highlights: International Petroleum Research Center will arrive in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here