Advertisement

ഒരു പ്രശ്നവുമില്ല; വിക്കറ്റാഘോഷത്തിൽ പരസ്പരം ആലിംഗനം ചെയ്ത് കൃണാലും ഹൂഡയും

March 28, 2022
Google News 2 minutes Read

കൃണാൽ പാണ്ഡ്യയും ദീപക് ഹൂഡയും ഒരു ഐപിഎൽ ടീമിലെത്തിയത് സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ബറോഡയ്ക്കായി കളിച്ചുകൊണ്ടിരിക്കെ പരസ്പരം ‘കോർത്ത’ ഇരുവരും ഒരു ടീമിൽ കളിക്കുന്നത് അത്ര സുഖകരമാവുമോ എന്നതായിരുന്നു ഉയർന്ന സംശയം. എന്നാൽ ഈ ചോദ്യങ്ങളൊക്കെ അസ്ഥാനത്താക്കി കളിക്കളത്തിൽ ഇരുവരും പൂർണമായി പ്രൊഫഷണലായി. ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനായി കളിക്കാനിറങ്ങിയ പഴയ ബറോഡ ടീം അംഗങ്ങൾ പരസ്പരം അഭിനന്ദിച്ചും ആലിംഗനം ചെയ്തുമൊക്കെ കളത്തിൽ നിറഞ്ഞു.

തുടർ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ലക്നൗവിനെ ദീപക് ഹൂഡയുടെയും ആയുഷ് ബദോനിയുടെയും അർദ്ധസെഞ്ചുറികളാണ് രക്ഷപ്പെടുത്തിയത്. ബദോനിയുമായി അഞ്ചാം വിക്കറ്റിൽ 87 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഹൂഡ ഒടുവിൽ 55 റൺസെടുത്ത് പുറത്താവുമ്പോൾ എത്തിയത് കൃണാൽ. ഹൂഡ പുറത്തായി മടങ്ങുമ്പോൾ കൃണാൽ ക്രീസിലേക്ക് പോവുകയായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ഹൂഡയെ പുറത്തുതട്ടി അഭിനന്ദിച്ചാണ് കൃണാൽ ബാറ്റിംഗിനായി പോയത്. തീർന്നില്ല. ഗുജറാത്ത് ടൈറ്റൻസ് ബാറ്റ് ചെയ്യാനിറങ്ങി മൂന്നാം പന്തിൽ തന്നെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ദുഷ്മന്ത ചമീരയുടെ പന്തിൽ ശുഭ്മൻ ഗില്ലിനെ ഹൂഡയാണ് പിടികൂടിയത്. വിക്കറ്റാഘോഷം കൃണാലും ഹൂഡയും ആലിംഗനം ചെയ്ത് ആഘോഷിക്കുകയായിരുന്നു. പിന്നീട് ഹൂഡ മാത്യു വെയ്ഡിൻ്റെ കുറ്റി തെറിപ്പിച്ചപ്പോഴും കൃണാൽ ഓടിയെത്തി ഹൂഡയെ അഭിനന്ദിച്ചു.

2020 സീസണിൽ ഇരുവരും ബറോഡയ്ക്ക് വേണ്ടിയാണ് ആഭ്യന്തര മത്സരം കളിച്ചിരുന്നത്. ആ സമയത്ത് കൃണാൽ ആയിരുന്നു ക്യാപ്റ്റൻ. ഈ സമയത്ത് ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ഹൂഡയെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ സീസണിൽ ഹൂഡ രാജസ്ഥാനിലേക്ക് മാറിയിരുന്നു.

Story Highlights: krunal pandya deepak hooda hug ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here