ഇന്ധന വില നാളെയും കൂട്ടും; ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത് 6 രൂപ 10 പൈസ

ഇന്ധന വില നാളെയും കൂട്ടും. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിക്കുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത് 6 രൂപ 10 പൈസയാണ്. ( fuel price rise continuously )
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയിൽ തുടർച്ചയായ വർധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.
അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ റഷ്യയുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിൽ ലഭ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2004 മുതൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. രാജ്യത്തിനായി ആവശ്യമായ ഇന്ധനം സ്വന്തമായി ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. 40,000 കോടി രൂപയുടെ എഥനോൾ, മെഥനോൾ, ബയോ എഥനോൾ ഉത്പാദന സമ്പദ്വ്യവസ്ഥ ഇന്ത്യയ്ക്ക് ഉടൻ തന്നെയുണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഫ്ളെക്സ്ഫ്യുവൽ എഞ്ചിനുകളുള്ള വാഹനങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ മുൻനിര കാർ, ഇരുചക്രവാഹന നിർമ്മാതാക്കൾ, അവ വരും മാസങ്ങളിൽ പുറത്തിറങ്ങും’. അദ്ദേഹം വ്യക്തമാക്കി.
Story Highlights: fuel price rise continuously
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here