Advertisement

സില്‍വര്‍ലൈന്‍ നടപ്പാക്കണമെന്ന എല്‍ഡിഎഫ് തീരുമാനത്തിനൊപ്പം; നിലപാടറിയിച്ച് എന്‍സിപി

March 29, 2022
Google News 1 minute Read

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്ന എല്‍ഡിഎഫ് തീരുമാനത്തിനോടൊപ്പം നില്‍ക്കുന്നുവെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍. പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ച് ശരിയായ വിശദീകരണം നല്‍കിയാല്‍ പ്രതിഷേധം തണുക്കുമെന്ന് ടി പി പീതാംബരന്‍ പറഞ്ഞു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി അതിനായി ശ്രമിക്കുന്നുണ്ടെന്നും ധൃതിപിടിച്ചുള്ള തീരുമാനമല്ല സില്‍വര്‍ ലൈന്‍ പദ്ധതി എന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ പല പാര്‍ട്ടികള്‍ക്കും അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് എന്‍സിപിയുടെ പ്രതികരണം.

അതേസമയം സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി. സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പഠനം നടത്തുന്നതിന് കല്ലുകള്‍ സിമന്റിട്ട് ഉറപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. പഠനത്തിനുശേഷം കല്ല് എടുത്തുമാറ്റുമോ, ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ലോണ്‍ എടുക്കാന്‍ സാധിക്കുമോ, കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതുവരെ കല്ല് അവിടെത്തന്നെ ഇടുമോ മുതലായ കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. വലിയ കല്ലുകളിട്ട് ജനങ്ങളെ എന്താനാണ് പരിഭ്രാന്തരാക്കുന്നതെന്നും കോടതി ചോദിച്ചു. കോടതി വന്‍കിട പദ്ധതിക്കെതിരാണ് എന്ന പ്രതീതി വരുത്തരുതെന്നും കോടതി സൂചിപ്പിച്ചു.

കെ റെയില്‍ റെയില്‍വേയുടെ പദ്ധതിയല്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ വാദത്തിന് ഹൈക്കോടതി അംഗീകാരം നല്‍കുകയായിരുന്നു. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് സിമന്റിട്ട് കല്ലുകള്‍ ഉറപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

Story Highlights: ncp on silverline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here