Advertisement

ഓസ്‌കര്‍ വേദിയിലെ പെരുമാറ്റം; അവതാരകനോട് പരസ്യമായി മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

March 29, 2022
Google News 2 minutes Read
Will Smith apologizes chris rock

ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സംഭവത്തില്‍ ഓസ്‌കര്‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.(Will Smith apologizes chris rock)

സ്മിത്തിന്റെ കുറിപ്പ്;

ഏത് രൂപത്തിലായാലും അക്രമം എന്നത് വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന ഓസ്‌കര്‍ അക്കാദമി അവാര്‍ഡിനിടെ എന്റെ പെരുമാറ്റം ഉള്‍ക്കൊള്ളാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല. തമാശകള്‍ പറയുകയെന്നത് എന്റെ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചുപോയത്. എനിക്ക് തെറ്റുപറ്റി.

ക്രിസിനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണ്. എങ്ങനെ ഒരു മനുഷ്യന്‍ പെരുമാറരുതോ അത്തരത്തിലാണ് ഇന്നലെ ഞാന്‍ പെരുമാറിയത്. അതില്‍ ലജ്ജിക്കുകയാണ്. സ്‌നേഹത്തിന്റെയും ദയയുടെയും ഈ ലോകത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ല.

ഓസ്‌കര്‍ അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും എന്റെ കിങ് റിച്ചാര്‍ഡിന്റെ കുടുംബത്തോടും ഞാന്‍ മാപ്പ് പറയുന്നു. മനോഹരമായ ഒരു യാത്ര എന്റെ പെരുമാറ്റം മൂലം മോശമായതില്‍ ഖേദിക്കുന്നു’.

ഓസ്‌കര്‍ വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെയാണ് അവതാരകന്‍ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റിനെ പറ്റി സംസാരിച്ചത്. അലോപേഷ്യ എന്ന രോഗം കാരണം ജാഡയുടെ മുടി ഏതാണ്ട് പൂര്‍ണമായും കൊഴിഞ്ഞുപോയ നിലയിലാണ്. എന്നാല്‍ ഭാര്യയുടെ മൊട്ടയടിച്ച തലയെ കുറിച്ചുള്ള തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെ വില്‍ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലുകയായിരുന്നു.

Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിനെ തേടിയെത്തി. കിംഗ് റിച്ചാര്‍ഡിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വില്‍ സ്മിത്ത് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

Story Highlights: Will Smith apologizes chris rock

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here