Advertisement

മണ്ണെണ്ണ വില വര്‍ധന; പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികളുടെ ജീവിതം

April 3, 2022
Google News 2 minutes Read
Kerosene prices rise fishermen life crisis

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനൊപ്പം മണ്ണെണ്ണ വിലയും കൂട്ടിയതില്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് പൊതുജനം. മണ്ണെണ്ണ വില വര്‍ധന ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് മത്സ്യബന്ധനം. 50 രൂപാ നിരക്കിലെങ്കിലും മണ്ണെണ്ണ കിട്ടിയില്ലെങ്കില്‍ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

‘ഇപ്പോള്‍ തന്നെ മണ്ണെണ്ണയ്ക്ക് മാര്‍ക്കറ്റ് വില 115 രൂപയിലാണ്. 122 രൂപയ്ക്കാണ് ഡിപ്പോയില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് താങ്ങാനാവുന്നതല്ല. മത്സ്യസമ്പത്ത് കുറവാണെന്നതും പ്രതിസന്ധിയുടെ ഗൗരവം കൂട്ടുകയാണ്. ഞങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലേക്കെങ്കിലും വില കുറയ്ക്കണമെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്.

ദിവസും പണിക്ക് പോയിട്ടും കാര്യമില്ലാത്ത അവസ്ഥയാണുള്ളത്. ഇരുന്നൂറോ മുന്നൂറോ രൂപമാത്രമാണ് ദിവസം കിട്ടുന്നത്. രണ്ടുമാസമായിട്ട് സിവില്‍ സപ്ലൈസില്‍ നിന്നുമുള്ള മണ്ണെണ്ണയുടെ വരവും ഇല്ലാതെയായി. 60-70-രൂപയ്ക്ക് നിരക്കില്‍ ഇവിടെ നിന്ന് മണ്ണെണ്ണ കിട്ടുമായിരുന്നു. ഇപ്പോള്‍ അതുമില്ലാതായി. മത്സ്യത്തിന്റെ ലഭ്യതയും കുറഞ്ഞതിനാല്‍ വരുമാനം ഏതാണ്ട് നിലച്ച അവസ്ഥ തന്നെയാണ്. 50 രൂപ നിരക്കില്‍ കിട്ടിയാല്‍ തന്നെ ഞങ്ങള്‍ക്ക് ജീവിക്കാമായിരുന്നു. ജീവിതം തന്നെ കഷ്ടത്തിലായ സ്ഥിതിയാണ്’. മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

തുടര്‍ച്ചയായി ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് പിന്നാലെയാണ് ജനത്തിന് ഇരട്ടപ്രഹരമായി രാജ്യത്ത് മണ്ണെണ്ണ വിലയും കുതിച്ചുയര്‍ന്നത്. മാര്‍ച്ച് മാസം വരെ 59 രൂപയായിരുന്ന മണ്ണെണ്ണ വില ഏപ്രിലായതോടെ 81 രൂപയിലെത്തി. 22 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടായത്. മണ്ണെണ്ണ വില ജനങ്ങള്‍ക്ക് കുറച്ച് നല്‍കാന്‍ കഴിയുമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായും മന്ത്രി വ്യക്തമാക്കി.

Read Also : ഇന്ധന വില നാളെയും വർധിക്കും

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതുകൊണ്ട് ജനം വലയുകയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 തവണയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചത്. ഇതിന് പിന്നാലെയാണ് 22 രൂപ മണ്ണെണ്ണയ്ക്കും വര്‍ധിപ്പിച്ചത്.

Story Highlights: Kerosene prices rise fishermen life crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here