Advertisement

11 മേയർമാരെ റഷ്യ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി യുക്രൈൻ

April 3, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യ തങ്ങളുടെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ. യുക്രൈൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ചത്. കീവ്, ഖേഴ്സൺ, ഖാർകീവ് തുടങ്ങിയ ഇടങ്ങളിലെ മേയർമാരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് അവർ പറഞ്ഞു. റെഡ് ക്രോസ്, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയ എല്ലാ സംഘടനകളും ഇവരെ തിരികെ കൊണ്ടുവരാൻ ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു.

ഇർപിൻ, ബുച്ച, ഗോസ്റ്റോമെൽ മുതലായ പ്രദേശങ്ങൾ ഉൾപ്പെടെ മുഴുവൻ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈൻ വീണ്ടെടുത്തതായി യുക്രേനിയൻ പ്രതിരോധമന്ത്രി ഗന്ന മാലിയറോൺ അവകാശപ്പെട്ടിരുന്നു. റഷ്യയുടെ അധിനിവേശ നീക്കങ്ങളിൽ ഈ നഗരങ്ങൾ പൂർണമായും തകർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കീവിൽ നിന്നും ചെർണീവിൽ നിന്നും റഷ്യൻ സൈന്യം പിൻവാങ്ങിയെന്നും യുക്രൈൻ അവകാശപ്പെടുന്നു.

റഷ്യൻ അധിനിവേശം 39 ദിവസങ്ങൾ പിന്നിടുമ്പോൾ റഷ്യൻ സൈന്യം കിഴക്കൻ മേഖലകളിലേക്കും രാജ്യത്തിന്റെ തെക്കൻ മേഖലകളിലേക്കും നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കീവിലെ ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. നഗരത്തിന്റെ നിരത്തുകളിലും വഴിയോരത്തും മൃതശരീരങ്ങൾ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രേനിയൻ ഫോട്ടോ ജേണലിസ്റ്റ് റഷ്യൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസികളായ റോയിട്ടേഴ്‌സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേർണലിസ്റ്റായിരുന്ന മാക്‌സ് ലെവിനാണ് കീവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

യുക്രൈൻ അറ്റോർണി ജനറലിന്റെ ഓഫീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് പ്രകാരം തലസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള വൈഷ്‌ഗൊറോഡ് ജില്ലയിലെ സംഘർഷം കാമറയിൽ പകർത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ശരീരത്തിൽ വെടിയേറ്റ രണ്ട് പാടുകളാണുള്ളത്.

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ യുക്രൈൻ സന്ദർശിച്ചേക്കുമെന്നാണ് സൂചന. മാർപ്പാപ്പയുടെ മാൾട്ട സന്ദർശനത്തിനെ യുക്രൈൻ സന്ദർശനം കൂടി സജീവ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യൂറോപ്പിലെ അഭയാർഥി പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ളവയാണ് മാർപ്പാപ്പയുടെ മാൾട്ട സന്ദർശനത്തിന്റെ ലക്ഷ്യം.

Story Highlights: Ukraine Russia Kidnapped Mayors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement