‘മൂന്ന് മാസം സാവകാശം ആവശ്യപ്പെട്ടിരുന്നു, പക്ഷേ കത്തുപോലും സ്വീകരിച്ചില്ല’; ബാങ്കിനെതിരെ ഗൃഹനാഥന്‍

ജപ്തി നടപടികളില്‍ ബാങ്കിനെതിരെ ആരോപണവുമായി ജപ്തി നടപടി നേരിട്ട വീടിന്റെ ഗൃഹനാഥന്‍ അജേഷ്. അര്‍ബന്‍ ബാങ്കിനോട് മൂന്ന് മാസത്തെ സാവകാശം ചോദിച്ചിരുന്നെന്ന് അജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. മുഴുവന്‍ പണവും അടയ്ക്കാന്‍ ആറ് മാസം സാവകാശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ പോലും ബാങ്ക് തയാറായില്ല. നാല് തവണ ഹൃദയാഘാതം വന്നത് മൂലമുള്ള ആശുപത്രി ചെലവ് കാരണമാണ് ലോണ്‍ തനിക്ക് തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാധ്യത ഏറ്റെടുത്തതില്‍ സന്തോഷമെന്നും അജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. (ajesh against bank foreclosure procedures)
മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷും ഭാര്യയും ആശുപത്രിയിലായിരിക്കെ ബാങ്ക് അധികൃതര്‍ അജേഷിന്റെ വീട് ജപ്തി ചെയ്യാനെത്തിയതാണ് വിവാദമായത്. ബാങ്കുകാര്‍ ജപ്തി നടപടിയുമായി മുന്നോട്ടുപോയതോടെ അവരുടെ നാലു കുട്ടികളും പെരുവഴിയിലാകുകയായിരുന്നു.
കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാന്‍ സാവകാശം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ദളിത് കുടുംബത്തിലെ ഗൃഹനാഥന്‍ ഹൃദ്രോഗത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തുമ്പോള്‍ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎല്‍എയെ അറിയിച്ചത്.
രാത്രി എട്ടരയോടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. എന്നാല്‍, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.
Story Highlights: ajesh against bank foreclosure procedures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here