പാക്‌സിതാൻ അസംബ്ലി പിരിച്ചുവിട്ട നടപടി; പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പാക്‌സിതാൻ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസിൽ വാദം കേൾക്കും. നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി ഇന്നലെ പരിഗണിച്ചിരുന്നില്ല. ഹർജികളിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പാകിസ്താൻ പ്രസിഡൻഡ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ് രാജ്യം. ഭൂരിപക്ഷം നഷ്ടമായിട്ടും അധികാരത്തിൽ തുടരാനായത് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേട്ടമായാണ് വിലയിരുത്തുന്നത്. സഭ പിരിച്ചുവിട്ട നടപടി നിയമ നടപടികൾക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുർ അവിശ്വാസ പ്രമേയം തള്ളിയത്. പിന്നാലെയാണ് അസംബ്ലി പിരിച്ചുവിട്ടത്. രണ്ട് നടപടികളിലും പ്രതിഷേധിച്ച് ദേശീയ അസംബ്ലിയിൽ ധർണ നടത്തിയ പ്രതിപക്ഷം ഇന്നലെ തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉമർ അതാ ബണ്ടിയാലിന്റെ മൂന്നംഗ ബഞ്ച് ഇന്നലെ വൈകിട്ട് അടിയന്തരമായി ചേർന്നു. ഹർജികൾ ഇന്ന് വീണ്ടും വിശാല ബഞ്ച് പരിഗണിക്കും.
അറ്റോർണി ജനറൽ ഖാലിദ് ഖാലിദ് ജാവേദ് ഖാൻ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർക്കും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്തെ ക്രമസമാധാന നില നിലനിർത്തണമെന്നും സുപ്രീം കോടതി ജഡ്ജി ഉമർ അത് ബന്ദിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തന്നെ നിർവഹിക്കും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
Story Highlights: pak supreme court pakistan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here