ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]

സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ത് ?
ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല ശ്രീലങ്കയിലെ പ്രതിസന്ധി. പതുക്കെ പതുക്കെ പ്രകടമാവുകയും പിന്നീടത് മൂർച്ഛിക്കുകയുമായിരുന്നു. കുറച്ച് നാളുകളായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം ഉണ്ടായിരുന്നില്ല. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം വൻതോതിൽ ചെലവായി തുടങ്ങി. കയറ്റുമതി വഴിയുള്ള വിദേശനാണ്യ വരവ് തീരെ കുറഞ്ഞു. ഇതാകട്ടെ വിദേശനാണയ ശേഖരത്തിൽ വൻ ഇടിവുണ്ടാക്കി.
പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കൻ സർക്കാർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നു. ചിലയിനം പഴങ്ങൾ, പാൽ, കാറുകൾ, ഫ്ലോർ ടൈലുകൾ ഇവയെല്ലാം അക്കൂട്ടത്തിൽപ്പെടും. രാജ്യത്തെ പണം പുറത്തേക്ക് , വിദേശനാണ്യമായി പോകാതിരിക്കാനായിരുന്നു നടപടി. ഇത് വേണ്ടത്ര ഫലം കാണാതായതോടെ അവശ്യവസ്തുക്കളുടെ ഇറക്കുമതിയിലും നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. പെട്രോളും ഡീസലും വാങ്ങാൻ മണിക്കൂറുകളോളമാണ് ഇപ്പോൾ ജനം ക്യൂ നിൽക്കുന്നത്.
പ്രവർത്തനമൂലധനമില്ലാത്തതിനാൽ വൈദ്യുതിനിലയങ്ങൾ അടച്ചു.
തിരിച്ചടിയായത് സാമ്പത്തിക നയങ്ങളോ ?
വികലമായ സാമ്പത്തിക നയങ്ങൾ തിരിച്ചടിയായെന്ന വിലയിരുത്തലുകളുമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഗോതബയ രജപക്സെ വാറ്റ് നികുതിയിൽ വൻ കുറവ് വരുത്തി. ജനകീയ തീരുമാനം എന്ന നിലയ്ക്കായിരുന്നു പ്രഖ്യാപനം. നികുതി കുറയുന്നതോടെ ചെലവഴിക്കൽ ശേഷി കൂടുമെന്നും വ്യാപാരം വർധിക്കുമെന്നും രജപക്സെ കരുതി.
ഇത് ലങ്കയുടെ സാമ്പത്തികാവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്നുമായിരുന്നു വിലയിരുത്തൽ. പക്ഷേ, ആ തീരുമാനം വേണ്ടത്ര ഗുണം ചെയ്തില്ല. പിന്നാലെ കൊവിഡ് പ്രതിസന്ധിയും തിരിച്ചടിയായി.ലോക്ഡൗൺ കാലത്ത് കയറ്റുമതി കുത്തനെ ഇടിഞ്ഞതോടെ ധനക്കമ്മി കുതിച്ചുയർന്നു . ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ടൂറിസം രംഗം പൂർണമായും അടച്ചതോടെ ഏറ്റവും വലിയ ധനാഗമമാർഗം അടഞ്ഞു.
400 കോടി ഡോളറിന്റെ വാർഷിക നഷ്ടമാണ് ടൂറിസം മേഖലയിൽ മാത്രമുണ്ടായത്. തേയില ഉത്പാദനം കുറഞ്ഞത് കയറ്റുമതിയെ ബാധിച്ചു. ലോക്ഡൗൺ കാലത്ത് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ശ്രീലങ്കക്കാരുടെ വരുമാനമാർഗം ഗണ്യമായി കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതെല്ലാം വിദേശനാണ്യത്തിന്റെ വരവു നിലയ്ക്കാൻ കാരണമായി.
800 കോടി ഡോളറാണ് ശ്രീലങ്കയുടെ വ്യാപാര കമ്മി. ഇതുമൂലം കഴിഞ്ഞ 2 വർഷത്തിനിടെ വിദേശനാണയശേഖരം 70% കുറഞ്ഞു. കരുതൽനിധിയിൽനിന്ന് ഇറക്കുമതി ആവശ്യത്തിനായി വിദേശനാണയം വകമാറ്റി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും 2021 അവസാനത്തോടെ സ്ഥിതി രൂക്ഷമായി. വിദേശനാണയ ശേഖരത്തിൽ ഇനി 231 കോടി ഡോളർ മാത്രമാണ് ബാക്കി.
ലങ്കയെ കുരുക്കിയത് ചൈനയോ ?
സാമ്പത്തിക സഹായം നൽകി കുരുക്കിലാക്കുക എന്ന ചൈനീസ് തന്ത്രത്തിലും ശ്രീലങ്ക വീണുപോയി. ഇന്ത്യയെ വളയൽ പദ്ധതിയുടെ ഭാഗമായിട്ടാണ് ചൈന ശ്രീലങ്കയെ നോട്ടമിട്ടത്. ഹംബണ്ടോട്ടാ തുറമുഖ നിർമാണത്തിലൂടെയാണ് ചൈന ലങ്കയെ വീഴ്ത്തിയത്. തുറമുഖ നിർമാണത്തിനായി വൻ വായ്പ നൽകി. ചൈനീസ് ബാങ്കുകൾ വഴി നൂറ് കോടിയിലേറെ ഡോളറാണ് ലഭ്യമാക്കിയത്.
അതോടൊപ്പം, തുറമുഖത്തിന്റെ അറുപത് ശതമാനത്തിലേറെ ഓഹരികൾ ചൈനീസ് കമ്പനികൾക്ക് നൽകേണ്ടിയും വന്നു. തുറമുഖ നിർമാണം വഴിയുള്ള കടം ആദ്യം 900 കോടി ശ്രീലങ്കൻ രൂപയായും പിന്നീട് 4670 കോടി ശ്രീലങ്കൻ രൂപയായും വർധിച്ചു. കടം തീർക്കാൻ ഒടുവിൽ തുറമുഖം തന്നെ 99 വർഷത്തെ പാട്ടത്തിന് ചൈനീസ് കമ്പനിക്ക് നൽകേണ്ടി വന്നു. ചൈനയുടെ ഈ കടക്കെണി നയതന്ത്രം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതവും ചെറുതല്ല.
ഇന്ത്യ ലങ്കയെ സഹായിക്കുന്നത് എന്തുകൊണ്ട് ?
ഇന്ത്യയെ വളയൽ എന്ന ചൈനീസ് തന്ത്രത്തെ മറികടക്കാൻ ലങ്കയെ കൂടെ നിർത്തേണ്ടതുണ്ട്. ശ്രീലങ്കയിൽ ചൈനീസ് സ്വാധീനം വർധിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമല്ല-രാഷ്ട്രീയമായും സൈനികമായും. ലങ്കയിലെ നിലവിലെ രാഷ്ട്രീയ നേതൃത്വം ഇന്ത്യയോട് അടുപ്പം പുലർത്തുന്നുമുണ്ട്. അത് കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യ കൈ അയച്ച് സഹായിക്കുന്നതും. ഏറ്റവും ഒടുവിൽ 100 കോടി ഡോളർ അഥവാ 7500 കോടി രൂപയുടെ സഹായമാണ് ഇന്ത്യ നൽകിയത്. ഈ വർഷം ആദ്യം നൂറ്റി നാൽപ്പത് കോടി ഡോളറിന്റെ സഹായം ഇന്ത്യ ലഭ്യമാക്കിയിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച് ലങ്കയിലെ ചൈനീസ് സ്വാധീനം കുറയ്ക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ , ഒടുവിൽ രാജ്യാന്തര നാണയനിധി അഥവാ ഐഎംഎഫിന്റെ സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. 100 കോടി ഡോളറിന്റെ രാജ്യാന്തര വായ്പകളുടെ തിരിച്ചടവ് കാലാവധിയായ ജൂലൈ മാസത്തിനു മുൻപ് സഹായം ലഭ്യമാക്കാനാണ് ശ്രമം.
ശ്രീലങ്കയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പലരും രാജ്യംവിട്ട് തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലേക്കും പലായനം ഉണ്ടാകുമെന്നാണ് കണക്ക്കൂട്ടൽ. ജനം തെരുവിൽ ഭക്ഷണത്തിനായി വരിനിൽക്കുന്നതും യാചിക്കുന്നതും ഏത് രാജ്യത്തായാലും വേദനയുളവാക്കുന്ന കാഴ്ചയാണ്. രാജ്യാന്തര സമൂഹം ലങ്കയുടെ രക്ഷയ്ക്ക് എത്തുമെന്ന് കരുതാം. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുന്നോട്ട് പോകാൻ ശ്രീലങ്കയ്ക്ക് കഴിയട്ടെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here