100 കോടി രൂപ സംഭാവന; ഐഐടി കാൺപൂരിന് പൂര്‍വ വിദ്യാര്‍ഥിയുടെ സ്നേഹസമ്മാനം……

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാണ്‍പുർ(ഐഐടി). നിരവധി പ്രമുഖരായ ആളുകൾ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പിറവികൊണ്ടിട്ടുണ്ട്. താൻ പഠിച്ചിറങ്ങിയ സ്ഥാപനത്തിന് 100 കോടി രൂപ സംഭാവന നല്‍കി ഞെട്ടിച്ചിരിക്കുകയാണ് പൂർവ വിദ്യാർത്ഥിയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സഹസ്ഥാപകനുമായ രാകേഷ് ഗാങ്‌വാള്‍. ഐ.ഐ.ടി കാണ്‍പുര്‍ ഡയറക്ടര്‍ അഭയ് കരണ്ടികര്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഐ.ഐ.ടിയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ വികസനത്തിനായാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്.
രാജ്യത്തിനായി നിരവധി പ്രതിഭകളെ വാഗ്ദാനം ചെയ്ത ഐ.ഐ.ടി കാണ്‍പുരിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അതിന്റെ പൈതൃകത്തിൽ താൻ അഭിമാനിക്കുന്നുവെന്നും രാകേഷ് ഗാങ്‌വാള്‍ പറഞ്ഞു. ഈ തുക സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആരോഗ്യ സംരക്ഷണത്തിലെ നവീകരണത്തെ ശക്തിപ്പെടുത്തുമെന്നും ഗാങ്‌വാള്‍ പറഞ്ഞു.
സംഭാവന ചെയ്ത 100 കോടി മുഴുവനായി കൈമാറിയിട്ടില്ല എന്നും രണ്ട് വർഷത്തെ കാലാവധിയിലാണ് മുഴുവന്‍ തുകയും കൈമാറുക എന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍ വലിയൊരു ശതമാനം തുക ലഭിച്ചുകഴിഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിൽ രാജ്യത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയിലൊന്നാണ് ഇന്‍ഡിഗോ എയർലൈന്‍സ്. 2005 ൽ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗാങ്‌വാളും ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.
Story Highlights: Indigo co-founder Rakesh Gangwal donates Rs 100 crore to IIT-Kanpur