മുംബൈയെ നയിച്ച് സൂര്യയും തിലകും; കൊൽക്കത്തയ്ക്ക് 162 റൺസ് വിജയലക്ഷ്യം

മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 162 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 161 റൺസ് നേടിയത്. 36 പന്തിൽ 52 റൺസ് നേടിയ സൂര്യകുമാർ യാദവ് മുംബൈയുടെ ടോപ്പ് സ്കോററായി. തിലക് വർമ (38 നോട്ടൗട്ട്), ഡെവാൾഡ് ബ്രെവിസ് (29) എന്നിവരും മുംബൈക്കായി തിളങ്ങി. 11 ആം ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ തകർന്ന മുംബൈയെ നാലാം വിക്കറ്റിൽ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്
മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. കൊൽക്കത്ത ബൗളിംഗ് ഓപ്പൺ ചെയ്ത ഉമേഷ് യാദവും റാസിഖ് സലാമും കൃത്യതയോടെ പന്തെറിഞ്ഞതോടെ മുംബൈ വിയർത്തു. 3ആം ഓവറിൽ മുംബൈ നായകൻ രോഹിത് ശർമ്മയെ (3) സാം ബില്ലിങ്സിൻ്റെ കൈകളിലെത്തിച്ച ഉമേഷ് പതിവു പോലെ തൻ്റെ റോൾ ഭംഗിയാക്കി. 12 പന്തുകൾ നേരിട്ടാണ് രോഹിത് 3 റൺസ് നേടിയത്. ഇന്ന് ടീമിൽ ഇടം നേടിയ ബേബി എബി ഡെവാൾഡ് ബ്രെവിസ് ആണ് മൂന്നാം നമ്പറിലെത്തിയത്. ചില അവിശ്വസനീയ ഷോട്ടുകളുമായി ബ്രെവിസ് മുംബൈ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു. എന്നാൽ, ടൈമിങ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയ കിഷൻ മുംബൈ സ്കോറിംഗിനെ പിന്നോട്ടുവലിച്ചു. റൺ വരൾച്ചയുടെ സമ്മർദ്ദത്തിൽ ബ്രെവിസ് (19 പന്തിൽ 29) പുറത്തായി. യുവതാരത്തെ വരുൺ ചക്രവർത്തിയുടെ പന്തിൽ സാം ബില്ലിങ്സ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഏറെ വൈകാതെ കിഷനും (21പന്തിൽ 14) പുറത്ത്. കിഷനെ പാറ്റ് കമ്മിൻസിൻ്റെ പന്തിൽ ശ്രേയാസ് അയ്യർ പിടികൂടി.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ യാദവ്-തിലക് വർമ സഖ്യമാണ് മുംബൈ ഇന്നിംഗ്സിനു ദിശാബോധം നൽകിയത്. ബൗണ്ടറി ഷോട്ടുകളുമായി മുംബൈയെ അവർ മാന്യമായ സ്കോറിലേക്ക് നയിച്ചു. 34 പന്തുകളിൽ സൂര്യ ഫിഫ്റ്റി തികച്ചു. ഇതിനു പിന്നാലെ 83 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ സൂര്യ മടങ്ങി. പാറ്റ് കമ്മിൻസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സൂര്യയെ സാം ബില്ലിംഗ്സ് പിടികൂടുകയായിരുന്നു. 5 പന്തുകൾ നേരിട്ട് 22 റൺസെടുത്ത കീറോൺ പൊള്ളാർഡ് മുംബൈയെ 160 കടത്തി. പൊള്ളാർഡും തിലകും പുറത്താവാതെ നിന്നു. അവസാന അഞ്ചോവറിൽ 76 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്.
Story Highlights: mumbai indians innings ipl kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here