Advertisement

കോട്ടയം ജവഹര്‍ ബാലഭവനെ തകര്‍ക്കാന്‍ ശ്രമമെന്ന് ആരോപിച്ച് അധ്യാപകരുടെ പ്രതിഷേധം

April 6, 2022
1 minute Read

കോട്ടയം ജവഹര്‍ ബാലഭവനെ തകര്‍ക്കാന്‍ നീക്കമെന്ന് ആരോപിച്ച് അധ്യാപകരുടെ പ്രതിഷേധം. ദീര്‍ഘകാലമായി ബാലഭവനില്‍ അധ്യാപനം നടത്തിയിരുന്ന 2 ജീവനക്കാരെ പിരിച്ചു വിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരവും ആരംഭിച്ചു. പ്രശ്‌ന പരിഹാരത്തിനായി ഇടപെടല്‍ ആവശ്യപ്പെട്ട് ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതി ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്.

പബ്ലിക് ലൈബ്രറിയുടെ കെട്ടിട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവനെ ഇവിടെ നിന്നും പുറത്താക്കാനാണ് ലൈബ്രറി അധികൃതരുടെ നീക്കമെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. പൊതുജനമധ്യത്തില്‍ ഈ വിഷയം തുറന്നു കാട്ടിയതിലുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടലെന്ന് പുറത്താക്കപ്പെട്ട അധ്യാപകര്‍ പറയുന്നു. അവധിക്കാല ക്ലാസ്സുകള്‍ ആരംഭിക്കാനിരിക്കെയാണ് മുതിര്‍ന്ന 2 അധ്യാപകരെ ഭരണ സമിതി പിരിച്ചു വിട്ടത്. ഇതില്‍ പ്രതിഷേധിച്ച് ബാക്കിയുള്ള അധ്യാപകരും സമരരംഗത്തിറങ്ങി. അധ്യാപകരുടെ സമരത്തിന് പിന്തുണയുമായി ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ പിരിച്ചുവിട്ടതിന് കൃത്യമായ കാരണം ഉണ്ടെന്നും അധ്യാപകരെ തിരിച്ചെടുക്കില്ലെന്നുമാണ് ലൈബ്രറി അധികൃതരുടെ നിലപാട്. പബ്ലിക് ലൈബ്രറിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കെട്ടിടത്തില്‍ നിന്നും ജവഹര്‍ ബാലഭവന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പബ്ലിക് ലൈബ്രറി അധികൃതര്‍ നടത്തിയ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആരോപണവുമായി അധ്യാപകരില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതി രൂപീകരിച്ചത്.

Story Highlights: teachers protest in jawahar balabhavan kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement