Advertisement

ഒമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ജീവപര്യന്തം

April 7, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന് തടവ്. മണ്ണന്തല സ്വദേശി അനിയെയാണ് ശിക്ഷിച്ചത്. 75,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ ശിക്ഷ അടയ്ക്കാത്ത പക്ഷം ഒന്നരവര്‍ഷത്തെ അധിക തടവ് കൂടി അനുഭവിക്കണമെന്ന് അതിവേഗ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്റെ വിധിയില്‍ പറയുന്നു.

2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്‌കൂളില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയില്‍ പോയപ്പോള്‍ അമ്മൂമ്മയോടൊപ്പം മൊട്ടമൂടായിരുന്ന താമസം. പ്രതി കുട്ടിയുടെ അച്ഛന്റെ കൂട്ടുകാരനായതിനാലാണ് പ്രതിയെ വീട്ടില്‍ കൊണ്ടാക്കാന്‍ ഏല്‍പ്പിച്ചത്.

ഇതിനിടെയാണ് കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പല തവണകളായി കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ വേണ്ട ഒത്താശയും പ്രതി ചെയ്തു കൊടുത്തു. ആയുര്‍വേദ കോളജിനടുത്തുള്ള ഒരു ലോഡ്ജില്‍ കൊണ്ട് പോയി ഐസ്‌ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു. ഒരു ഘട്ടത്തില്‍ കുട്ടി പീഡിപ്പിക്കാനുള്ള ശ്രമം എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അതിക്രമം തുടര്‍ന്നത്.

എന്നാല്‍ നിരന്തരമായ പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിന്റെ വിവരം വെളുപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹനാണ് കോടതിയില്‍ ഹാജരായത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ഫോര്‍ട്ട് സിഐയായിരുന്ന എസ്.വൈ.സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

Story Highlights: Case of brutal rape of a nine-year-old girl; Life imprisonment for the accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement