പാചകവാതക വില നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്, ബദൽ മാർഗവുമായി എൻ.ഐ.ടി ഗവേഷകർ

കുടുംബ ബജറ്റ് താളം തെറ്റിച്ച് കുതിക്കുന്ന പാചകവാതക വിലയെ മറികടക്കാൻ പുത്തൻ കണ്ടുപിടിത്തവുമായി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സോളാർ സ്റ്റൗവാണ് എൻ.ഐ.ടിയിലെ ഗവേഷകർ കണ്ടുപിടിച്ചത്. വീട്ടിലും ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കാൻ കഴിയുംവിധം വാണിജ്യാടിസ്ഥാനത്തിൽ സോളാർ സ്റ്റൗവ് ഉൽപാദിപ്പിക്കാനുള്ള ശ്രമവും എൻ.ഐ.ടി ആരംഭിച്ചിട്ടുണ്ട്.
Read Also : ഇന്ധന, പാചകവാതക വില വർധന; അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം.പി മാർ
ബദൽ പാചക സംവിധാനമായ സ്മാർട്ട് സോളാർ സ്റ്റൗവിന്റെ പ്രവർത്തനം ഇൻഡക്ഷൻ കുക്കറിന് സമാനമാണെന്ന് പ്രൊഫ. എസ്. അശോക് വ്യക്തമാക്കുന്നു. വൈദ്യുതിക്ക് പകരം സൗരോർജമാണെന്നു മാത്രം. രാത്രിയിൽ ഉപയോഗിക്കാൻ പകൽ ബാറ്ററി ചാർജ് ചെയ്ത് വയ്ക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. വീടുകളിലും കടകളിലും മാത്രമല്ല, യാത്ര പോകുന്നവർക്കും സൈനികർക്കും ഈ കണ്ടുപിടുത്തം ഏറെ ഉപകാരപ്രദമാകുമെന്ന് എൻ.ഐ.ടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ വെളിപ്പെടുത്തി.
നിലവിൽ പതിനയ്യായിരം രൂപ ചെലവ് വന്നെങ്കിലും സാങ്കേതികവിദ്യ ഏതെങ്കിലും കമ്പനിക്ക് കൈമാറി ചെലവ് ചുരുക്കി സോളാർ സ്റ്റൗ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.ടിയെന്ന് ഡോ. വി. കാർത്തികേയൻ പറഞ്ഞു. ഉൽപാദന ചെലവ് മാത്രമുള്ള, ഉപയോഗിക്കാൻ ചെലവില്ലാത്ത കണ്ടുപിടിത്തമായതിനാൽ പാചക ചെലവിൽ വലിയ സാമ്പത്തിക ലാഭം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
Story Highlights: Kozhikode NIT launches new invention to overcome LPG prices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here