Advertisement

ഇത് വലിയൊരു ദുരന്തം മുന്നിൽ കണ്ടുള്ള പിന്മാറ്റം; റഷ്യൻ സേന അടുക്കാൻ ഭയപ്പെട്ട യുക്രൈനിലെ ഏക സ്ഥലം…

April 8, 2022
Google News 1 minute Read

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ചെർണോബിൽ ആണവനിലയം പിടിച്ചടക്കുന്നത്. എന്നാൽ ഫെബ്രുവരി 24-ന് റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ പിടിച്ചെടുത്തു. പക്ഷെ കൃത്യം ഒരു മാസത്തിന് ശേഷം സൈന്യം ആ പ്രദേശം ഉപേക്ഷിച്ചു. എന്തായിരിക്കും അതിന് പിന്നിലെ കാരണം? റഷ്യൻ സൈന്യം ചെർണോബിൽ ഉപേക്ഷിച്ചതിന് പിന്നിലെ പ്രധാന കാരണം റെഡ് ഫോറസ്റ്റ് ആണ്. 1986 ൽ സംഭവിച്ച ആണവ ദുരന്തത്തെ കുറിച്ച് ഓർക്കുന്നില്ലേ. ചെര്‍ണോബില്‍ അന്ന് സംഭവിച്ച ആണവ ദുരന്തത്തിൽ സൃഷ്ടിക്കപ്പെട്ട മാലിന്യങ്ങളുടെ അളവ് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കപ്പെട്ടപ്പോഴുണ്ടായ മാലിന്യങ്ങളുടെ പതിന്മടങ്ങ് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളാണ്. മണ്ണ്, വായു, ജലം ഉൾപ്പെടെ എല്ലാം വിഷമയമായി എന്ന് വേണം പറയാൻ. ഇന്നും ആ ദുരന്തത്തിന്റെ ബാക്കിപത്രമായി നിരവധി പ്രശ്‍നങ്ങൾ ആളുകളും പ്രകൃതിയും നേരിടുന്നുണ്ട്.

അതിൽ ഇന്നും പ്രകൃതിയിൽ നിലനിൽക്കുന്ന തെളിവുകളിൽ ഒന്നാണ് ആണവനിലയത്തിന്റെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പൈന്‍ മരക്കാടുകൾ. ചെർണോബിൽ ആണവദുരന്തത്തിൽ ആ പ്രദേശത്തെ നാന്നൂറ് ഹെക്ടർ പൈൻ മരങ്ങളുടെ ശാഖകളുടെ അഗ്രഭാഗം ഓറഞ്ച് കലർന്ന ചുവന്ന നിറമായി. അതിന് കാരണം കടുത്ത റേഡിയേഷൻ തന്നെയാണ്. ഈ നിറംമാറ്റം തന്നെയാണ് അവിടുത്തെ പൈൻ കാടുകൾക്ക് റെഡ് ഫോറസ്റ്റ് എന്ന പേര് നൽകിയത്. ഇനി ആ റെഡ് ഫോറസ്റ്റിന് തീ പിടിച്ചാൽ റേഡിയോ ആക്ടീവ് വികിരണ കണങ്ങള്‍ വീണ്ടും സജീവമാകുമോ എന്ന ഭയം തന്നെയാണ് ആ പ്രദേശത്ത് നിന്ന് പിന്മാറാൻ റഷ്യൻ സൈന്യത്തെ നിർബന്ധിതരാക്കിയത്.

അന്ന് സംഭവിച്ച ദുരന്തത്തിൽ തന്നെ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ പെട്ടെന്ന് തന്നെ സംസ്കരിക്കുന്നത്തിന്റെ ഭാഗമായി ഭൂരിഭാഗവും വരുന്ന പൈന്‍ മരങ്ങളും വെട്ടിനശിപ്പിച്ചു. റേഡിയേഷന് വിധേയമായ അതേ മണ്ണില്‍ തന്നെ വെട്ടിയ മരങ്ങള്‍ മൂന്ന് മീറ്റർ ആഴത്തിൽ കുഴിച്ചു മൂടുകയായിരുന്നു. അതിനു മുകളിലായാണ് പൈന്‍മരതൈകൾ നട്ടത്. ചെർണോബിൽ ദുരന്തത്തിന് ശേഷമാണ് ആ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന എക്‌സ്‌ക്ലൂഷന്‍ സോണുകള്‍ അഥവാ സോണ്‍ ഓഫ് ഏലിയേഷന്‍ നിലവില്‍ വന്നത്.

ലോകത്തിലെ ഏറ്റവും റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുള്ള മേഖലയാണ് റെഡ് ഫോറസ്റ്റ്. അവിടുത്തെ 90 ശതമാനം വരുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളും മണ്ണില്‍ തന്നെയാണെന്ന് പല പഠന റിപ്പോർട്ടുകളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും അതികം മലിനമായ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളുള്ള ഭൂമിയിലേക്കാണ് റഷ്യൻ സൈന്യം കടന്നു ചെന്നത്. മാരകമായ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുള്ളത് മൂലം വിദ്ഗധരായ ആണവ നിലയ തൊഴിലാളികള്‍ക്ക് പോലും പ്രവേശനം നിഷേധിച്ചിരിക്കുന്ന മേഖല കൂടിയാണ് റെഡ് ഫോറസ്റ്റ്. വലിയൊരു വിപത്തിന് മുന്നിൽ കണ്ടുകൊണ്ടുള്ള പിന്മാറ്റം തന്നെയായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here