ഗുരുവായൂരപ്പന്‍റെ ഥാർ: ഹിന്ദു സേവാ സംഘത്തിന്‍റെ വാദം ഇന്ന് കേൾക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം സമർപ്പിച്ച കേസിൽ ദേവസ്വം കമ്മീഷണർ ഇന്ന് പരാതിക്കാരുടെ ഹിയറിംഗ് നടത്തും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് തീരുമാനം. കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തുക. ഉച്ചയ്ക്ക് 3 മണിക്ക് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വെച്ചാണ് സിറ്റിംഗ്.
ലേലം സംബന്ധിച്ച് മറ്റ് ആർക്കങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ ഹിയറിംഗില്‍ പങ്കെടുക്കാം. എതിർപ്പുള്ളവർ പങ്കെടുക്കാൻ താത്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കണമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു. ലഭിക്കുന്ന പരാതികളിലെല്ലാം ഇന്ന് തന്നെ ദേവസ്വം കമ്മീഷണർ ഹിയറിംഗ് നടത്തും.
വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ പരാതി അറിയിക്കാവുന്നതാണ്. പരാതി സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകാം. അല്ലെങ്കിൽ sec.transport@kerala.gov.in എന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിലും പരാതിപ്പെടാം. ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പ് 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്.
Story Highlights: guruvayur thar auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here