പാകിസ്താന് പുതിയ പ്രധാനമന്ത്രി? തെരുവിലിറങ്ങി ഇമ്രാൻ അനുകൂലികൾ

ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാകിസ്താൻ ദേശീയ അസംബ്ലി ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. അതേസമയം ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചു.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി ചേരാനിരിക്കെയാണ് ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം. കറാച്ചി, പെഷാവർ, ലാഹോർ അടക്കം 12 നഗരങ്ങളിൽ പ്രകടനം നടക്കുകയാണ്. മുഴുവൻ പാർട്ടി എംപിമാരേയും രാജിവയ്പ്പിക്കാനാണ് ഖാൻ പദ്ധതിയിടുന്നത്. വീണ്ടും സ്വാതന്ത്ര്യസമരം തുടങ്ങുന്നു എന്ന് പുറത്തായ ശേഷം ഇമ്രാന്‍ ഖാൻ പ്രതികരിച്ചു.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമായ ഷഹബാസ് ഷരീഫ് (70) പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക നൽകി. ഇമ്രാന്റെ കക്ഷിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സ്ഥാനാർത്ഥിയായി മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും പത്രിക നൽകിയിട്ടുണ്ട്. രാവിലെ 11 മണിക്കാണ് ദേശിയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുക.
ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ച വോട്ടെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയിൽ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സഭയിൽ ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല. പാക്ക് ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാൻ ഖാൻ അധികാരമേറ്റത്. മൂന്നു വർഷവും ഏഴു മാസവുമാണ് അധികാരത്തിലിരുന്നത്.
Story Highlights: pakistan political crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here