ഐപിഎൽ കാണാനുള്ള ചെലവില്ല ഫുട്ബോൾ ലോകകപ്പിന്; ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് നിരക്കുകൾ അറിയാം

ഖത്തറിൽ ഈ വർഷം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ഐപിഎൽ കാണാനുള്ള ചെലവില്ല. ലോകകപ്പിൽ ഖത്തർ പൗരന്മാർ അല്ലാത്തവർക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 250 ഖത്തരി റിയാൽ (ഏകദേശം 5211 രൂപ) ആണ്. വാംഖഡെയിൽ ഐപിഎൽ മത്സരം കാണാനുള്ള ഒരു മിഡ് ലെവൽ ടിക്കറ്റിന് അതിൻ്റെ ഇരട്ടി തുക നൽകണം. ലോകകപ്പ് ഫൈനൽ കാണാനുള്ള ഏറ്റവും വില കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇന്ത്യൻ കറൻസിയിൽ ഏകദേശം 45,828 രൂപയോളമാണ്. ഐപിഎലിലെ ഏറ്റവും വിലയുള്ള ടിക്കറ്റിനെക്കാൾ വെറും 10,000 രൂപ മാത്രം അധികമാണ് ഈ തുക. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുക.
ഇന്ത്യയിൽ നിന്ന് ലോകകപ്പ് കാണാൻ കൂടുതൽ ആളുകളെ എത്തിക്കുകയാണ് വില കുറഞ്ഞ ടിക്കറ്റുകൾ അവതരിപ്പിച്ചതിലൂടെ ഫിഫയുടെ ലക്ഷ്യം. ആദ്യ ഘട്ട ടിക്കറ്റ് വില്പനയിൽ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. ഇത് മെച്ചപ്പെടുത്താനാണ് ഫിഫയുടെ ശ്രമം.
പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെയും സ്‌പോൺസർമാരാണ് ബൈജൂസ്.
Story Highlights: FIFA World Cup tickets IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here