മിശ്രവിവാഹ വിവാദം: മകളെ ചതിച്ച് കൊണ്ടുപോയതാണെന്ന് ജോസ്‌നയുടെ പിതാവ് 24നോട്

കോടഞ്ചേരി മിശ്രവിവാഹ വിവാദത്തിൽ പ്രതികരണവുമായി ജോസ്‌നയുടെ പിതാവ്. മകളെ ചതിച്ച് കൊണ്ടുപോയതാണെന്ന് ജോസ്‌നയുടെ പിതാവ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. ലവ് ജിഹാദാണെന്ന് കുടുംബം ആരോടും പറഞ്ഞിട്ടില്ല. ലവ് ജിഹാദ് ഉണ്ടോയെന്ന് മകളോട് സംസാരിച്ചാൽ മാത്രമെ പറയാൻ കഴിയൂ എന്നും ജോസഫ് പറഞ്ഞു.
മകളെ വീട്ടിലെത്തിച്ച് സംസാരിച്ചാൽ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് ജോസ്‌നയുടെ പിതാവ് ജോസഫ് പറയുന്നത്. കോടതിയിൽ കാണിക്കും മുൻപ് മകളുമായി സംസാരിക്കാൻ അവസരം തരാമെന്ന് ജോർജ് എം. തോമസ് പറഞ്ഞിരുന്നെങ്കിലും അവസരം കിട്ടിയില്ലെന്നും പിതാവ് പറഞ്ഞു.
കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിൻ, ജോസ്‌ന എന്നിവരാണ് വിവാഹിതരായത്. ഇതരമതത്തിൽപ്പെട്ട ഇവർ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില സംഘടനകൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇവരുടെ വിവാഹത്തെ തുടർന്ന് പ്രദേശത്ത് ആളുകൾ പ്രതിഷേധവും നടത്തി. മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോസ്‌നയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോസ്‌ന സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here