ഹൈക്കോടതി വിധി ആശ്വാസകരമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി വിധി ആശ്വാസകരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി വിധി ചരിത്ര സംഭവമാണ്. കെഎസ്ആര്‍ടിസിക്ക് അനുകൂലമായി വിധിയുണ്ടായതില്‍ സന്തോഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എണ്ണ കമ്പനികളുടെ നിലപാട് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഹൈക്കോടതി വിധി കേരളത്തിന് മാത്രമല്ല, മറ്റു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും ആശ്വാസം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഇതോടെ റീട്ടെയ്ല്‍ വിലയില്‍ ഇനി കെഎസ്ആര്‍ടിസിക്ക് ഇന്ധനം ലഭിക്കും. പ്രഥമദൃഷ്ട്യാ വിലനിര്‍ണയത്തില്‍ അപാകതയെന്ന് കോടതി ചൂണ്ടിക്കാട്ടി. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കമ്പനികള്‍ കൂടിയ വില ഈടാക്കിയിരുന്നത്.
വന്‍കിട ഉപയോക്താവ് എന്ന നിലയില്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് ഈടാക്കുന്ന ഡീസല്‍ വില വളരെ കൂടുതലാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എന്‍.നഗരേഷിന്റെ ഉത്തരവ്. ഉത്തരവു താല്‍കാലികമാണെന്നും ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമാകുമെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലാണു നടപടി.
ലാഭകരമല്ലാത്ത റൂട്ടില്‍പോലും പൊതുജനങ്ങള്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് 4 ലക്ഷം ലീറ്റര്‍ ഡീസല്‍ ആണ് പ്രതിദിന ഉപയോഗം. ഇതിനാല്‍ ബള്‍ക്ക് കണ്‍സ്യൂമറായാണ് കെഎസ്ആര്‍ടിസിയെ പെട്രോളിയം കോര്‍പ്പറേഷനുകള്‍ പരിഗണിക്കുന്നത്. ഓയില്‍ കമ്പനികളില്‍നിന്ന് നേരിട്ട് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലാണ് ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കൂടുതല്‍ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി കെഎസ്ആര്‍ടിസി.
നേരത്തേ വിപണി വിലയെക്കാള്‍ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആര്‍ടിസിക്ക് ഡിസ്‌കൗണ്ട് നല്‍കിയിരുന്നത്. ബള്‍ക്ക് പര്‍ച്ചേസില്‍ മാറ്റം വന്നതോടെ 1 ലീറ്റര്‍ ഡീസലിന് വിപണി വിലയേക്കാള്‍ 27 രൂപ അധികം നല്‍കണം.
Story Highlights: Minister Antony Raju said that the High Court verdict is comforting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here