Advertisement

വിവാദ മിശ്രവിവാഹം; മതസൗഹാർദം തകർക്കാൻ ശ്രമമെന്ന് താമരശേരി ബിഷപ്പ്

April 14, 2022
Google News 2 minutes Read
ty

കോഴിക്കോട് കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹ വിഷയത്തിൽ സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുകയാണ്. മതസൗഹാർദം ഉയർത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

വിവാദ മിശ്രവിവാഹ വിഷയത്തിൽ വിശദീകരണ യോ​ഗവുമായി കോൺ​ഗ്രസും ബി.ജെ.പിയും രം​ഗത്തെത്തിയിട്ടുണ്ട്. വൈകിട്ടാണ് യോ​ഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12.30ന് ബി.ജെ.പി അദ്ധ്യക്ഷൻ കേ. സുരേന്ദ്രനും ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാറും കോടഞ്ചേരിയിലെത്തും. വീട്ടുകാരുമായി സംസാരിച്ച ശേഷമായിരിക്കും ഇരു പാർട്ടികളും തുടർ നടപടികൾ ആലോചിക്കുക.

വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം.തോമസിന് പാര്‍ട്ടി നല്‍കിയത്. കേരളത്തിലെ ക്രൈസ്ത ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സി.പി.ഐ.എമ്മെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.

Read Also : വിവാദ മിശ്രവിവാഹം, കേ. സുരേന്ദ്രൻ കോടഞ്ചേരിയിലെത്തും;<br>വിശദീകരണ യോ​ഗവുമായി കോൺ​ഗ്രസും ബി.ജെ.പിയും

സി.പി.ഐ.എം ഇന്നലെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണയോ​ഗം നടത്തിയിരുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി.പി.ഐ.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മാതാപിതാക്കൾ. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം സി.പി.ഐ.എം ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കിയിരുന്നു.

പെൺകുട്ടിയെയും കൂട്ടി സ്ഥലം വിടുന്നതിന് മുൻപ് പെൺകുട്ടിയുടെ കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഷെജിന് കഴിഞ്ഞില്ലെന്നും പി. മോഹനൻ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഷെജിനെതിരെ നടപടി ഉണ്ടാകില്ലെന്നുകൂടി പി. മോഹനൻ പറഞ്ഞു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം. തോമസിൻ്റെ ലൗ ജിഹാദ് പരാമർശം നാക്കു പിഴയാണെന്ന് വിശദീകരിച്ചാണ് അദ്ദേഹവും പാർട്ടിയും വിവാദം അവസാനിപ്പിച്ചത്.

Story Highlights: Controversial mixed marriage; Thamarassery Bishop responds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here